കരുനാഗപ്പള്ളി: ആലപ്പാട്ട് ഗ്രാമ പഞ്ചായത്തിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നു. ഇന്നലെ നടത്തിയ സ്രവ പരിശോധനയിൽ 14 പേർക്ക് പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ പഞ്ചായത്തിലെ മൊത്തം രോഗികളുടെ എണ്ണം 32 ആയി. ഇന്നലെ 138 പേരുടെ സ്രവമാണ് പരിശോധിച്ചത്. ഇന്നലെ കെ.എസ്.ആർ.ടി.സി ബസിലാണ് ആളുകളെ സ്രവ പരിശോധനയ്ക്കായി കൊണ്ട് പോയത്. കരുനാഗപ്പള്ളിയുടെ പടിഞ്ഞാറൻ ഭാഗങ്ങൾ ആലപ്പാട്ടുമായി ബന്ധപ്പെട്ട് കിടക്കുകയാണ്. ആലപ്പാട്ട് രോഗം പകരുന്നതോടെ കരുനാഗപ്പള്ളി തീരങ്ങളിലെ ജനങ്ങൾ അനാവശ്യമായി വീടിന് പുറത്തിങ്ങാതെ ജാഗ്രത പാലിക്കുകയാണ്. കോഴിക്കോട് എസ്.വി മാർക്കറ്റ് മുതൽ വടക്കോട്ട് ആലുംകടവ് വരെയുള്ള കടകൾ പൂർണമായും അടച്ചു. പഴക്കടകളും പലചരക്ക് കടകളും മാത്രമാണ് തുറന്ന് പ്രവർത്തിക്കുന്നത്. ആർ. രാമചന്ദ്രൻ എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ ആരോഗ്യ, പൊലീസ്, നഗരസഭാ ഉദ്യാഗസ്ഥർ യോഗം ചേർന്ന് നഗരസഭയുടെ തീരപ്രദേശത്തുള്ള 11 ഡിവിഷനുകൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കണമെന്ന് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിരുന്നു. തുടർ നടപടികൾ ആയിട്ടില്ലെന്നാണ് അറിയുന്നത്. കുലശേഖരപുരം ഗ്രാമ പഞ്ചായത്തിൽ ഇന്നലെ 153 പേരുടെ സ്രവം പരിശോധനയ്ക്കയച്ചു.
14 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു
പഞ്ചായത്തിലെ മൊത്തം രോഗികളുടെ എണ്ണം 32
138 പേരുടെ സ്രവമാണ് ഇന്നലെ പരിശോധിച്ചത്