കുണ്ടറ: കുണ്ടറയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിൽ ഫസ്റ്റ്ലൈൻ കൊവിഡ് കെയർ സെന്ററുകൾ സജ്ജമാകുന്നു. ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശമനുസരിച്ചാണ് സെന്ററുകൾ ഒരുക്കുന്നത്. ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗുരുദേവാ ആഡിറ്റോറിയത്തിൽ സജ്ജമാക്കിയ കേന്ദ്രം മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജലജാ ഗോപൻ അദ്ധ്യക്ഷത വഹിച്ചു. ഗിരീഷ് കുമാർ, ഷൈലാ മധു, സുജാതാ മോഹൻ, ഷഫീക്ക് തുടങ്ങിയവർ പങ്കെടുത്തു. പെരുമ്പുഴ അമ്പാടി ഓഡിറ്റോറിയം, ഇളമ്പള്ളൂർ കമ്മ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിലും നൂറ് കിടക്കകളോടെ ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ സ്ഥാപിക്കും.
കുണ്ടറ ഗ്രാമപഞ്ചായത്തിൽ ആഡിറ്റോറിയങ്ങളും സ്കൂൾ കെട്ടിടങ്ങളുമുൾപ്പെടെ അഞ്ച് കെട്ടിടങ്ങളാണ് പരിഗണനയിലുള്ളത്. പേരയം ഗ്രാമപഞ്ചായത്തിൽ കുമ്പളം സെന്റ് ജോസഫ് ഇന്റർനാഷണൽ സ്കൂൾ ഹോസ്റ്റൽ കെട്ടിടത്തിൽ കേന്ദ്രം ആരംഭിക്കാനാണ് തീരുമാനം. മുളവനയിലെ ആഡിറ്റോറിയവും സ്കൂൾ, കോളജ് കെട്ടിടങ്ങളും പരിഗണനയിലുണ്ട്.
കിഴക്കേകല്ലട ഗ്രാമപഞ്ചായത്തിൽ ചിറ്റുമല സെന്റ് ജോസഫ് സ്കൂളിൽ കേന്ദ്രം സജ്ജമാക്കി. 50 കിടക്കകളാണ് ഇവിടെ ഒരുക്കുക. സി.വി.കെ.എം ഹയർ സെക്കൻഡറി സ്കൂൾ, ചിറ്റുമല ദുർഗാ ഓഡിറ്റോറിയം, സിനി ഓഡിറ്റോറിയം, ഉപ്പൂട് എം.എം.എച്ച്.എസ്.എസ് എന്നിവയും പരിഗണനയിലുണ്ട്.
മൺറോത്തുരുത്ത് ഗ്രാമപഞ്ചാത്തിൽ കേന്ദ്രം സജ്ജമാക്കുന്നതിന് മുളച്ചന്തറ ക്ഷേത്രം ഓഡിറ്റോറിയമാണ് പരിഗണനയിലുള്ളത്. ഇവിടെ 80ഓളം കിടക്കകൾ സജ്ജീകരിക്കും. പെരിനാട് ഗ്രാമപഞ്ചായത്തിലെ കേന്ദ്രം ചന്ദനത്തോപ്പ് ഐ.ടി.ഐ വളപ്പിലെ പുതിയ അഡ്മിനിസ്ട്രേഷൻ ബ്ലോക്കിൽ ആരംഭിക്കും. നെടുമ്പന ഗ്രാമപഞ്ചായത്തിൽ വെളിച്ചിക്കാലയിലെ പഴയ ടി.ബി ആശുപത്രിയിൽ 75 കിടക്കകളുമായി സെന്റർ ഉടൻ ആരംഭിക്കും.