photo
ലളിതമ്മയ്ക്കും കുടുംബത്തിനും സി.പി.എം പെരിനാട് പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി നിർമ്മിച്ചുനൽകിയ വീടിന്റെ താക്കോൽദാനം മന്ത്രി ജെ. മേഴ്‌സികുട്ടിയമ്മ നിർവഹിക്കുന്നു

കുണ്ടറ: ഏതുനിമിഷവും തകർന്നുവീഴാവുന്ന വീട്ടിൽ മകനുമൊത്ത് അന്തിയുറങ്ങിയ ലളിതമ്മയുടെ ദിനങ്ങൾ ഇനി ഓർമ്മ. ചാറുകാട് ജ​ഗത്‌ഭവനിൽ വിധവയായ ലളിതമ്മയ്ക്കും ഭിന്നശേഷിക്കാരനും രോഗബാധിതനുമായ മകനുമായി സി.പി.എം പെരിനാട് പടിഞ്ഞാറ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെട്ടുറപ്പുള്ള വീട് നിർമ്മിച്ചുനൽകി.

തന്റെ വൃദ്ധ മാതാവിനെയും മകൻ മുപ്പത്തിയേഴുകാരനായ ജ​ഗത്തിനെയും കൂലിവേല ചെയ്താണ് ലളിതമ്മ സംരക്ഷിച്ചുവന്നത്. ഒടുവിൽ കാഴ്ചശക്തി കുറഞ്ഞതോടെ ജോലി ചെയ്യാനാവാതെ വന്നു. ഇതോടെ കുടുംബം കടുത്ത ദാരിദ്ര്യത്തിലായി. തകർന്നുതുടങ്ങിയ വീട്ടിൽ മകൻ തട്ടിവീഴുന്നതും സാധാരണയായിരുന്നു. ഒടുവിൽ സി.പി.എം ഏരിയാ കമ്മിറ്റിയുടെ കരുതൽ ഈ നിർദ്ധന കുടുംബത്തിന് താങ്ങായി മാറുകയായിരുന്നു.

മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ താക്കോൽദാനം നിർവഹിച്ചു. പഞ്ചായത്ത് അംഗം കെ. ഗീത അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ. തുളസീധര കുറുപ്പ്, കുണ്ടറ ഏരിയാ സെക്രട്ടറി എസ്.എൽ. സജികുമാർ, സി. സന്തോഷ്, എൽ. അനിൽ, വി. ശോഭ, തുളസീധരൻ, എം.ഇ. ആൽഫ്രഡ്, ഗോപൻ, പ്രദീപ് ബി. മനോജ് തുടങ്ങിയവർ പങ്കെടുത്തു.