ശാസ്താംകോട്ട: കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി താലൂക്കിലെ ആദ്യ കൊവിഡ് ചികിത്സാ കേന്ദ്രം ശാസ്താംകോട്ട പഞ്ചായത്തിൽ പ്രവർത്തനം ആരംഭിച്ചു.. ഭരണിക്കാവിലെ സ്വകാര്യ എൻജിനീയറിംഗ് കോളേജിലെ ഹോസ്റ്റലിൽ തയ്യാറാക്കിയ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ മന്ത്രി. ജെ മേഴ്സിക്കുട്ടി അമ്മ ഉദ്ഘാടനം ചെയ്തു. കൊവിഡ് പോസിറ്റീവായ രോഗലക്ഷണങ്ങളില്ലാത്ത രോഗികളെ ചികിത്സിക്കുന്നതിനായാണ് പഞ്ചായത്ത് തലത്തിൽ കൊവിഡ് ഫസ്റ്റ് ലൈൻ ഹെൽത്ത് സെന്ററുകൾ തുറക്കുന്നത്. ആദ്യഘട്ടത്തിൽ 239 കിടക്കകളുള്ള ചികിത്സാ കേന്ദ്രമാണ് ശാസ്താംകോട്ടയിൽ ആരംഭിച്ചത്. 4 ഡോക്ടർമാരെയും 13 അനുബന്ധ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. ശാസ്താംകോട്ട ഗ്രാമ പഞ്ചായത്താണ് 10 ലക്ഷത്തോളം രൂപ ചെലവഴിച്ച് മറ്റ് അനുബന്ധ സൗകര്യങ്ങൾ ഒരുക്കിയത്. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, കെ. സോമപ്രസാദ്, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. അരുണാമണി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഐ. നൗഷാദ്, ഡോ. ബൈജു, ഡോ. വിഷ്ണു, തഹസിൽദാർ സുരേഷ് ബാബു, ശാസ്താംകോട്ട സി.ഐ അനൂപ്, ഫാ. തോമസ് കുട്ടി, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.