rahiyanathu

തഴവ: ശക്തമായ ശ്വാസതടസത്തെ തുടർന്ന് മരിച്ച വീട്ടമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആന്റിജൻ ടെസ്റ്റിൽ മകൻ, മരുമകൾ, രണ്ട് കൊച്ചുമക്കൾ എന്നിവരുൾപ്പെടെ നാലുപേർക്ക് കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി.

കുലശേഖരപുരം കടത്തൂർ മണ്ണടിശേരി വാർഡിൽ കൊട്ടിലിൽ വീട്ടിൽ റഹിയാനത്താണ് (55) മരിച്ചത്. കഴിഞ്ഞ ദിവസം വെളുപ്പിന് 5.30 ഓടെയായിരുന്നു സംഭവം. പനി ലക്ഷണമുണ്ടായിരുന്ന റഹിയാനത്തിന് ശക്തമായ ശ്വാസതടസം നേരിട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരിച്ചു. സംശയം തോന്നിയ ആരോഗ്യ വകുപ്പ് അധികൃതർ മകനെ ആന്റിജൻ ടെസ്റ്റിന് വിധേയമാക്കിയതോടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. പിന്നീട് മറ്റുള്ളവരെയും പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. ഇവരുടെ ഭർത്താവിനെ നാളെ പരിശോധനയ്ക്ക് വിധേയനാക്കും.

ഇതേ തുടർന്ന് കടത്തൂർ, മണ്ണടിശേരി വാർഡുകളിലെ ഉൾനാടൻ റോഡുകളിൽ ഗതാഗതം നിരോധിച്ചു. ഇവരുടെ വീടുമായി ഒരു മാസത്തിനിടയിൽ സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുള്ളവർ ക്വാറന്റൈനിൽ പോകണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.