yural

റഷ്യയിലെ പ്രസിദ്ധമായ യുറൽ നദിയുടെ രൂപവും നിറവും മാറി. നദീജലത്തിന് ഓറഞ്ച് നിറമായതാണ് ഏവരെയും വിസ്മയിപ്പിക്കുന്നത്. പ്രശസ്തനായ ഒരു ട്രാവൽ ബ്ലോഗറാണ് ഈ അത്ഭുത പ്രതിഭാസം ലോകത്തെ അറിയിച്ചത്. ഡ്രോൺ ഉപയോഗിച്ച് ചിത്രീകരിച്ച ആ ദൃശ്യങ്ങൾ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. നദീജലത്തിന്റെ നിറം ചുരുങ്ങിയകാലത്തിനുള്ളിൽ കടുത്ത ഓറഞ്ചായി മാറുകയായിരുന്നു.

ഏതായാലും ഈ നിറംമാറ്റത്തിന്റെ ചിത്രങ്ങളും വീഡിയോയും റഷ്യൻ ഭരണകൂടത്തെ ശരിക്കും പിടിച്ചുകുലുക്കിയിരിക്കുകയാണ്. നദിയുടെ നിറംമാറ്റത്തെക്കറിച്ച് നടത്തിയ അന്വേഷണം ചെന്നെത്തിയത് ആസിഡ് ഉൾപ്പടെയള്ള മാലിന്യങ്ങൾ നാട്ടുകാർ പുറംതള്ളുന്നതിലാണ്.

നിസ്‌നി നോവ്‌ഗൊ റോഡ് ജില്ലയിലെ ലെവിഷിൻസ്‌ക്കി ഖനിയിൽ നിന്നുള്ള മാലിന്യം നദിയിലേക്ക് ഒഴുകാൻ തുടങ്ങിയതോടെയാണ് നദിയിലെ വെള്ളത്തിന്റെ നിറം മാറിയത്. മാലിന്യത്തിൽ വിഷ, രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന് ഭരണകൂടം അറിയിച്ചു. നദിയുടെ നിറം മാറിയ മിശ്രിതത്തിൽ ആസിഡ് ഉൾപ്പടെയുള്ള വിഷവസ്തുക്കൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഏതായാലും നദിയുടെ നിറംമാറ്റ വിഷയത്തിൽ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് പരിസ്ഥിതി സംഘടനകൾ. നദിയിലേക്ക് രാസവസ്തുക്കൾ ഒഴുക്കുന്നത് അവസാനിപ്പിക്കണമെന്നാണ് അവരുടെ ആവശ്യം. ഈ നദിയുടെ ചുറ്റും താമസിക്കുന്ന മനുഷ്യരുൾപ്പടെയുള്ള ജീവജാലങ്ങൾക്ക് ഗുരുതരായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നും അവർ പറയുന്നു. നദീതടത്തിന് ചുറ്റുമുള്ള ആവാസവ്യവസ്ഥയെ തകർക്കുന്ന തരത്തിലുള്ള മാലിന്യമാണ് കണ്ടെത്തിയിട്ടുള്ളത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഒരു റഷ്യൻ ഓയിൽ ടാങ്കറിൽ നിന്ന് വലിയ അളവിൽ എണ്ണ പുറത്തുവന്ന് നദിയിലെ വെള്ളം ചുവപ്പാക്കിയതും വലിയ വാർത്തായായിരുന്നു. ഏതായാലും നദിയിലെ മലിനീകരണം റഷ്യയിൽ വലിയ ചർച്ചയായിരിക്കുകയാണ്. നദികൾ വൃത്തിയാക്കാൻ ഉടൻ നടപടി സ്വീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.