photo

കൊല്ലം: വെട്ടിക്കവലയിലും കൊട്ടാരക്കരയിലും കൊവിഡ് പിടിമുറുക്കി, സ്ഥിതി സങ്കീർണം. ഇന്നലെ ഒന്നര വയസുള്ള കുട്ടി ഉൾപ്പടെ പത്ത് പേർക്കുകൂടി വെട്ടിക്കവലയിൽ രോഗം സ്ഥിരീകരിച്ചപ്പോൾ കൊട്ടാരക്കരയിൽ രോഗബാധിതർ 39 ആയി. ഇന്ന് ലഭിക്കുന്ന പരിശോധനാ ഫലത്തിൽ കൂടുതൽ പോസിറ്റീവ് ഉണ്ടാകുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ സൂചന നൽകി. വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ തലച്ചിറയിൽ നാലുപേർക്കും ചിരട്ടക്കോണത്ത് മൂന്നുപേർക്കും കണ്ണങ്കോടും വെട്ടിക്കവലയിലും കോക്കാടും ഓരോരുത്തർക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഒരാഴ്ചയ്ക്കുള്ളിൽ വെട്ടിക്കവല പഞ്ചായത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 45 ആയി മാറി. നേരത്തെ പത്ത് പേർക്ക് രോഗബാധയുണ്ടായ പ്രദേശമായിരുന്നു വെട്ടിക്കവല. അവർ പിന്നീട് നെഗറ്റീവിലെത്തിയതിന്റെ ആശ്വാസത്തിനിടെയാണ് ചടയമംഗലത്ത് നിന്നും മത്സ്യ മൊത്ത വ്യാപാര കേന്ദ്രത്തിൽ നിന്നും പടർന്ന രോഗം ഇവിടെ കൂടുതൽപേരിലേക്ക് എത്തിയത്.

റെഡ് സോൺ കണ്ടെയ്ൻമെന്റ് പ്രദേശമായി വെട്ടിക്കവലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സമ്പർക്കത്തിലൂടെയാണ് ഇവിടെ രോഗവ്യാപനമുണ്ടായത്. മത്സ്യ വ്യാപാരികൾക്കും വ്യാപാരകേന്ദ്രങ്ങളിലെ മറ്റ് തൊഴിലാളികൾക്കും രോഗ ബാധയുണ്ടായതിനാൽ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കാനിടയായി. മത്സ്യ വിൽപ്പനക്കാർക്ക് പുറമെ ചായക്കടക്കാരനും തുണിക്കടയിലെ ജീവനക്കാരനും രോഗം സ്ഥിരീകരിച്ചത് കൂടുതൽ വ്യാപനത്തിന് സാദ്ധ്യതയൊരുക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പും പൊലീസും കടുത്ത നിയന്ത്രണങ്ങളും ബോധവത്കരണവുമായി പ്രദേശങ്ങളിൽ സജീവമായുണ്ട്. കൊട്ടാരക്കര മുസ്ളീം സ്ട്രീറ്റ് വാർഡിൽ ഇന്നലെ പന്ത്രണ്ട് പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു, രണ്ട് ദിനം കൊണ്ട് 39 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഒടുവിൽ പുത്തൂരിലും എത്തി

പട്ടണത്തിലെ ലോട്ടറി വിൽപ്പനക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സമ്പർക്ക സാദ്ധ്യത ഏറെയാണെന്ന ആശങ്ക പരന്നു. കൊവിഡ് താണ്ഡവമാടുമ്പോഴും യാതൊരു മാനദണ്ഡങ്ങളും പാലിക്കാൻ തയ്യാറല്ലായിരുന്നു പുത്തൂരുകാർ. എ.ടി.എമ്മിന് മുന്നിലും പച്ചക്കറി കടകളിലും സൂപ്പർമാർക്കറ്റുകളിലുമടക്കം വലിയ ആൾക്കൂട്ടമുണ്ടാകുന്നത് ഇന്നലെ റൂറൽ എസ്.പിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നതാണ്.