chala

തിരുവനന്തപുരം: ചുമട്ട് തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തിരുവനന്തപുരം ചാലക്കമ്പോളത്തിൽ നഗരസഭയുടെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ പരിശോധന ശക്തമാക്കി. ചുമട്ട് തൊഴിലാളിയുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽപ്പെട്ട 150 ഓളം പേരുടെ സ്രവ പരിശോധന ഇന്നലെ പൂർത്തിയാക്കിയ ആരോഗ്യ വകുപ്പ് ഇന്നും ചാലയിലും പരിസരത്തും കൂടുതൽ സാമ്പിളുകൾ ശേഖരിക്കും. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ചാലയിൽ ആരോഗ്യ സുരക്ഷാ നടപടികൾ ശക്തമാക്കിയതായി മേയർ കെ. ശ്രീകുമാർ അറിയിച്ചു. ചാല മാർക്കറ്റിലെ വിവിധ ജോലികൾ ചെയ്യുന്ന 16 പേർക്ക് കഴിഞ്ഞ മൂന്നു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചതായും സൂചനയുണ്ട്. പക്ഷേ, ഇതുവരെ രണ്ടുപേരുടെ വിവരം മാത്രമേ ഔദ്യോഗികമായി പുറത്തുവന്നിട്ടുള്ളൂ.

രോഗം വ്യാപിക്കാതിരിക്കാൻ ചാല കമ്പോളത്തിലെത്തുന്ന മുഴുവൻ പേരെയും പരിശോധനയ്ക്ക് വിധേയരാക്കും.ചാലയിലേക്ക് പ്രവേശിക്കുന്ന റോഡിലും തിരികെ പോകുന്നിടത്തും പൊലീസ് പരിശോധന ഉണ്ടാകും. ചുമട്ട് തൊഴിലാളിക്ക് രോഗം സ്ഥിരീകരിച്ചതിനെ തുട‌ർന്ന് ഇന്നലെ കമ്പോളവും പരിസരവും അണുവിമുക്തമാക്കിയിരുന്നു.. ഇന്നും നഗരസഭയുടെ നേതൃത്വത്തിൽ അണുനശീകരണ പ്രവർ‌ത്തനങ്ങൾ തുടരും. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ കൂട്ടാക്കാത്ത വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കും. മാസ്ക് ധരിക്കാനും സാമൂഹ്യ അകലം പാലിക്കാനും ജനങ്ങൾ ശ്രദ്ധിക്കണം. നഗരത്തിന്റെ പലഭാഗങ്ങളിലും സമൂഹ വ്യാപനം തീഷ്ണമായ അവസ്ഥയിലാണ്. കർശനമായ നിയന്ത്രണങ്ങളിലൂടെയും പ്രതിരോധ പ്രവർത്തനങ്ങളിലൂടെയും മാത്രമേ പ്രതിസന്ധിയെ അതിജീവിക്കാനാകൂ. കടകളിലും സ്ഥാപനങ്ങളിലും എത്തുന്നവർ അതിന് മുമ്പും പിമ്പും കൈകൾ ശുദ്ധമാക്കണം. കടകളിൽ അനാവശ്യമായി ആളുകൾ കൂട്ടം കൂടാനും ജീവനക്കാരും പൊതുജനങ്ങളുമായി അടുത്തിടപഴകാനും അനുവദിക്കരുത്. ചാലയിലെ സ്ഥിതിഗതികൾ രൂക്ഷമാകാതെ നിയന്ത്രണവിധേയമാക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിക്കാമെന്നത് സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകളുമായി കൂടിയാലോചന നടത്തും.

മാർക്കറ്റ് അടച്ചിടാൻ തൽക്കാലം ഉദ്ദേശമില്ലെന്നും മേയർ വ്യക്തമാക്കി. തീരദേശത്തും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നല്ലനിലയിൽ പുരോഗമിച്ച് വരുന്നതായി മേയ‌ർ പറഞ്ഞു. തീരദേശവാസികളുടെ പൂർണ സഹകരണം ഇക്കാര്യത്തിലുണ്ടാകുന്നുണ്ടെന്നും മേയ‌ർ വെളിപ്പെടുത്തി.