anujith

കൊല്ലം: ബൈക്കപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച കൊട്ടാരക്കര എഴുകോൺ ഇരുമ്പനങ്ങാട് വിഷ്ണുമന്ദിരത്തിൽ അനുജിത്തിന്റെ(27) മൃതദേഹം ഇന്ന് സംസ്കരിക്കും. ഉച്ചയോടെ എഴുകോൺ ഇരുമ്പനങ്ങാട് എ.ഇ.പി.എം ക്ളബ്ബ് അങ്കണത്തിൽ പൊതുദർശനത്തിന് വച്ചശേഷം രണ്ടരയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും. കൊവിഡിന്റെ നിയന്ത്രണങ്ങൾ പാലിച്ചാണ് പൊതുദർശനവും മറ്റ് ചടങ്ങുകളും. അനുജിത്തിന്റെ വേർപാട് താങ്ങാനാകാതെ വിഷമിക്കുന്നവരെല്ലാം ഒരുനോക്ക് കാണാനായി കാത്തിരിക്കയാണ്.

എല്ലാവരുടേയും കണ്ണിലുണ്ണി

മരണവും തോറ്റുപോയി പൊന്നേ നിന്റെ മുന്നിൽ... തേങ്ങലോടെയാണ് അനുജിത്തിന്റെ ഉറ്റവർ പറയുന്നത്. ഒരുപാടുപേരുടെ പ്രതീക്ഷയായിരുന്ന അനുജിത്ത് ഇത്രപെട്ടെന്ന് വിട്ടകന്നുപോകുമെന്ന് ആരും കരുതിയിരുന്നില്ല. മരണം പുൽകാനെത്തിയിട്ടും പലരിലൂടെ ചിരഞ്ജീവിയായി അവനുണ്ടെന്ന് ആശ്വാസമാണവർക്കെല്ലാം. സങ്കടം കണ്ണീരായി പൊഴിച്ചുകളയുമ്പോഴും അഭിമാനത്തിന്റെ തിളക്കം ഉറ്റവരുടെയെല്ലാം കണ്ണുകളിൽ തെളിയുകയാണ്. എഴുകോൺ ഇരുമ്പനങ്ങാട് ഗ്രാമവും ആ അഭിമാനത്തെ ചേർത്തുവയ്ക്കുകയാണ്. വിഷ്ണു മന്ദിരത്തിൽ അനുജിത്ത് (27) അവരുടെയെല്ലാം കണ്ണിലുണ്ണിയായിരുന്നുവല്ലോ..

14ന്‌ രാത്രിയിൽ കൊട്ടാരക്കര കലയപുരത്തിനടുത്തുവച്ച് അനുജിത്തിന് ബൈക്ക് അപകടമുണ്ടായ വാർത്ത പരന്നതുമുതൽ നാടുമുഴുവൻ പ്രാർത്ഥനയിലായിരുന്നു. ചിരിക്കുന്ന മുഖവുമായി അവൻ തിരിച്ചുവരുമെന്ന് പ്രതീക്ഷയോടെ ദിനങ്ങളെണ്ണിയവരാണധികവും. അനുജിത്തിനെ ഓർത്ത് ബന്ധുക്കൾക്കും കൂട്ടുകാർക്കും എന്നും അഭിമാനമാണ്. ചന്ദനത്തോപ്പ് ഐ.ടി.ഐയിൽ നിന്നും വീട്ടിലേക്കുള്ള മടക്കയാത്രയിൽ റെയിൽപാളത്തിലൂടെ നടന്നുവന്ന അനുജിത്ത് വലിയൊരു ട്രെയിൻ അപകടം ഒഴിവാക്കിയതുമുതലാണ് നാട്ടിലെ താരമായി മാറിയത്. തന്റെ ചുവന്ന കോളേജ് ബാഗ് ഉയർത്തി കാട്ടി ട്രെയിൻ അപകടം ഒഴിവാക്കി നൂറ് കണക്കിന് പേരുടെ ജീവൻ അനുജിത്ത് രക്ഷിച്ചതൊക്കെ മിക്കപ്പോഴും എല്ലാവരും പറയാറുണ്ട്. ആ സംഭവത്തിന്റെ പത്താണ്ട് തികയാൻ ഇനി ഒരു മാസമേ ശേഷിക്കുന്നുള്ളൂ. ചിരിച്ച മുഖവുമായി പക്വതയോടെ വർത്തമാനം പറഞ്ഞിരുന്ന അനുജിത്ത് ഇനിയും ഒരുപാട് കുടുംബങ്ങളുടെ പ്രതീക്ഷയായ് ജീവിക്കുന്നുവെന്ന് വിശ്വസിക്കാനും ആശ്വസിക്കാനും ശ്രമിക്കുകയാണ് കുടുംബത്തോടൊപ്പം ഗ്രാമവാസികളും.

കാരുണ്യത്തിന്റെ ഉദാത്ത മാതൃക

അനുജിത്തിന്റെ വിടവാങ്ങൽ എഴുകോൺ ഇരുമ്പനങ്ങാട് ഗ്രാമത്തിന് ഇനിയും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. ജീവിതത്തിന്റെ ഏറിയ പങ്കും മറ്റുള്ളവർക്കായി ജീവിക്കുകയും മരണ ശേഷം എട്ട് പേർക്ക് പുതു ജീവൻ നൽകിയതിലൂടെയും സഹജീവികളോടുള്ള കാരുണ്യത്തിന്റെ ഉദാത്ത മാതൃകയായിരിക്കുകയാണ് അനുജിത്ത്. ' ഈ ലോകത്ത് ഇല്ലെങ്കിലും ഞാനായിട്ട് ആരെങ്കിലും ജീവിക്കുകയാണെങ്കിൽ ജീവിക്കട്ടെ' എന്ന അനുജിത്തിന്റെ ആഗ്രഹം ഭാര്യ പ്രിൻസിയും ബന്ധുക്കളും നിറവേറ്റുകയായിരുന്നു. വാഹന അപകടത്തെ തുടർന്ന് മരണമടഞ്ഞ എഴുകോൺ ഇരുമ്പനങ്ങാട് വിഷ്ണു മന്ദിരത്തിൽ അനിജിത്ത് (27) ന്റെ നേത്രപടലങ്ങൾ ഉൾപ്പെടെ എട്ട് അവയവങ്ങളാണ് ദാനം ചെയ്തത്. അനുജിത്തിന്റെ ഹൃദയം, നേത്രപടലങ്ങൾ, വൃക്കകൾ, കരൾ, ചെറുകുടൽ, ഇരുകിഡ്നികൾ എന്നിവ കൂടാതെ ഇരു കൈകളും ദാനം ചെയ്തു. 14ന് രാത്രി 10നാണ് അനുജിതിന്റെ ജീവൻ അപഹരിച്ച അപകടം നടന്നത്. ജോലി കഴിഞ്ഞ് കലയപുരത്ത് വച്ച് വഴിയാത്രക്കാരനെ ഇടിക്കുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ അനുജിത്തിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും തുടർന്ന് കിംസ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയിരുന്നു. 17നാണ് മസ്തിഷ്ക മരണവും 20 ന്‌ മരണവും സ്ഥിരീകരിച്ചതോടെയാണ് ഒരു കുടുംബത്തിന്റെ പ്രതീക്ഷ വേരറ്റുപോയത്. ചെറുപ്രായത്തിൽ തന്നെ ജീവിത ഭാരം അനുജിത്തിന് ഏറ്റെടുക്കേണ്ടി വന്നു. ഹൃദ്രോഗിയായ പിതാവ് ശശിധരൻ പിള്ളയ്‌ക്ക്‌ മൂന്നാമത്തെ ഹൃദയാഘാതം ഉണ്ടാകുന്നത് അനുജിത്ത് ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ്. അന്ന് മുതൽ തന്നാൽ അകുന്ന ജോലികൾ ചെയ്ത് അമ്മ വിജയകുമാരിയും സഹോദരി അജല്യയും അമ്മൂമ്മ ഇന്ദിരയമ്മയും അടങ്ങുന്ന കുടുംബത്തിന് താങ്ങായിരുന്നു. എഴുകോണിലെ ബേക്കറിയിൽ സഹായിയായും ജോലിയ്‌ക്കൊപ്പം പഠനവും തുടർന്ന അനുജിത് ഐടിഐയും ബിരുദവും പാസായി. സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവർ ആയിരുന്ന അനുജിത്ത് കൊവിഡ് കാലമായത്തിനെ തുടർന്ന് ജോലി നിർത്തി വച്ചപ്പോൾ കൊട്ടാരക്കരയിലെ സൂപ്പർ മാർക്കറ്റിൽ ജോലി നോക്കുകയായിയുന്നു. ജൂവലറിയിലെ ജീവനക്കാരിയാണ് പ്രിൻസി.

ചിരിക്കുന്ന മുഖത്തോടെ അല്ലാതെ കൂട്ടുക്കാർ ആരും അനുജിത്തിനെ കണ്ടിട്ടില്ല. രക്ത ദാനം, രോഗികളെ സഹായിക്കാനും മറ്റും മുന്നിൽ തന്നെ കാണുമായിരുന്നു. അവയവദാനത്തിലൂടെ മരണത്തെയും അതിജീവിച്ചിരിക്കുകയാണ് അനുജിത്ത്.