pic
ക​ട​ബാ​ദ്ധ്യ​ത​ ​താ​ങ്ങാ​നാ​കാ​തെ​ ​ജീ​വ​നൊ​ടു​ക്കി​യ​ ​ഷെ​റീ​ഫി​ന്റെ​ ​മ​ൺ​റോ​ത്തു​രു​ത്തി​ലെ​ ​വ​സ്‌​തു​വി​ൽ​ ​സി.​പി.​എം​ ​നേ​താ​ക്ക​ൾ​ ​കൊ​ടി​കു​ത്തി​യി​രി​ക്കു​ന്നു

കൊല്ലം: കടബാദ്ധ്യത താങ്ങാനാകാതെ ജീവനൊടുക്കിയ ആളിന്റെ മൺറോത്തുരുത്തിലെ വസ്‌തു വിൽപ്പന തടയാൻ സി.പി.എം നേതാക്കൾ കുടിൽകെട്ടി കൊടിനാട്ടി. വസ്‌തുവിൽ പ്രവേശിക്കാനെത്തിയ കുടുംബാംഗങ്ങള തടഞ്ഞ് തിരിച്ചയച്ചു. കുടുംബം ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ സി.പി.എം ഏരിയാ കമ്മിറ്റിയംഗം ഉൾപ്പെടെ അറസ്റ്റിൽ. വസ്തുവിൽ മുമ്പ് പ്രവർത്തിപ്പിച്ചിരുന്ന ഇഷ്ടിക കമ്പനിയിലെ ജീവനക്കാർക്ക് നഷ്ടപരിഹാരം നൽകാതെ വസ്തു വിൽപ്പന നടത്താൻ അനുവദിക്കില്ലെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ നിലപാട്. തങ്ങൾ കമ്പനി നടത്തിയിട്ടില്ലാത്തതിനാൽ നഷ്ടപരിഹാര തുക നൽകാൻ കഴിയില്ലെന്ന വസ്തു ഉടമ പിറവന്തൂർ വെടിത്തിട്ട വന്മല വെള്ളത്തറയിൽ റുഖിയാ ബീവിയുടെ നിലപാട് സി.പി.എം നേതാക്കൾ അംഗീകരിക്കുന്നില്ല.

മൺറോത്തുരുത്തിലെ പട്ടം തുരുത്തിൽ 1.33 ഏക്കർ ഭൂമി കെ.എം.ഷെറീഫ് ഭാര്യ റുഖിയാ ബീവിയുടെ പേരിൽ വാങ്ങിയത് 2000ത്തിലാണ്. ഇവിടെ മുമ്പ് പ്രവർത്തിച്ചിരുന്ന ഇഷ്ടിക കമ്പനിയുടെ ബാദ്ധ്യതകൾ വസ്തു കൈമാറ്റം നടത്തുമ്പോൾ തീർത്തിരുന്നുവെന്ന് ഉടമകൾ പറയുന്നു. കട ബാദ്ധ്യതകൾ താങ്ങാൻ കഴിയാതെ വന്നപ്പോൾ 2011 ലാണ് ഷെറീഫ് ആത്മഹത്യ ചെയ്‌തത്.

റുഖിയാ ബീവിയുടെ മകളുടെ കല്യാണവുമായി ബന്ധപ്പെട്ട് ഉണ്ടായ ബാദ്ധ്യതകൾ തീർക്കാനാണ് വസ്‌തു വിൽക്കാനുള്ള ശ്രമം തുടങ്ങിയത്. പത്ത് സെന്റ് വസ്തു വിറ്റപ്പോൾ രണ്ട് പതിറ്റാണ്ട് മുമ്പ് പ്രവർത്തനം നിറുത്തിയ തങ്ങളുടേതല്ലാത്ത ഇഷ്ടിക കമ്പനിയുടെ പേരിൽ നഷ്‌ടപരിഹാരം തേടി സി.പി.എം നേതാക്കളെത്തി. പിന്നാലെ വസ്തുവിൽ കുടിലും കെട്ടിയതോടെ കടം വീട്ടാൻ വസ്‌തു വിൽപ്പന നടത്താൻ കഴിയാത്ത സ്ഥിതിയായി. സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കയാണ് കുടുംബം ഇപ്പോൾ.

ഏരിയാ കമ്മിറ്റി അംഗമുൾപ്പെടെ അറസ്റ്റിൽ

നഷ്ടപരിഹാരം നൽകാതെ വിൽപ്പന നടത്താനാകില്ലെന്ന നിലപാടിൽ കൊടിനാട്ടി കുടിൽ കെട്ടിയ സി.പി.എം നേതാക്കൾ അറസ്റ്റിലായി. കുന്നത്തൂർ ഏരിയാ കമ്മിറ്റി അംഗം കെ.മധു, ബ്രാഞ്ച് സെക്രട്ടറി സുരേഷ് ബാബു ഉൾപ്പെടെ നാലുപേരാണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവിക്ക് വസ്തു ഉടമകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ വിളിച്ച് വരുത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

22 തൊഴിലാളികൾക്ക് ആനുകൂല്യം നൽകണം: സി.പി.എം

ഇഷ്ടകിക കമ്പനിയിൽ ജോലി ചെയ്തിരുന്ന 22 തൊഴിലാളികൾക്ക് ആനുകൂല്യം നൽകണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് സി.പി.എം കുന്നത്തൂർ ഏരിയാ കമ്മിറ്റി അംഗം കെ.മധു. ഇഷ്ടിക കമ്പനിയുടെ പ്രവർത്തനം നിറുത്തിയപ്പോൾ, വസ്തു വിൽക്കുമ്പോൾ തൊഴിൽ ആനുകൂല്യങ്ങൾ നൽകാമെന്നാണ് അറിയിച്ചിരുന്നത്. വസ്തുവിലെ പത്ത് സെന്റ് വിറ്റപ്പോൾ തൊഴിലാളികൾ പാർട്ടിയുടെ സഹായം തേടി. ഇതനുസരിച്ച് ഉടമയെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും സംസാരിക്കാൻ തയ്യാറായില്ല. ആനുകൂല്യം കിട്ടാൻ മറ്റ് മാർഗങ്ങളില്ലാതെ തൊഴിലാളികൾ കൊടികുത്തി. തെറ്റായ പ്രചരണങ്ങളാണ് ചിലർ നടത്തുന്നത്. തൊഴിലാളികൾക്ക് അർഹമായ തൊഴിൽ ആനുകൂല്യം നൽകണമെന്ന പാർട്ടി നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.

അഞ്ചുലക്ഷം ആവശ്യപ്പെട്ടു, നൽകാതെ

വന്നപ്പോൾ തൊഴിൽ പ്രശ്‌നമാക്കി

സി.പി.എം നേതാക്കളായ മധുവും സുരേഷ് ബാബുവും വ്യക്തിപരമായി ആവശ്യപ്പെട്ട അഞ്ചുലക്ഷം രൂപ നൽകാൻ കഴിയില്ലെന്ന് പറഞ്ഞപ്പോഴാണ് തൊഴിലാളി പ്രശ്‌നമാക്കി വിഷയത്തെ മാറ്റിയതെന്ന് വസ്തു ഉടമ റുഖിയാ ബീവിയുടെ മകൻ ഷെഹിൻ.എസ്.ഷെറീഫ്. പത്ത് സെന്റ് വസ്തു വിറ്റതറിഞ്ഞ് മധുവും സുരേഷ് ബാബുവും വിളിച്ചു. വിൽപ്പനയുടെ ഇടനിലക്കാരനെ മാറ്റണമെന്നും തങ്ങൾ വസ്തു വിറ്റ് നൽകാമെന്നും പറഞ്ഞു. അത് കഴിയില്ലെന്ന് പറഞ്ഞപ്പോൾ അഞ്ച് ലക്ഷം രൂപ നൽകണമെന്നായി ആവശ്യം. അതും നിരസിച്ചതോടെയാണ് ഇതുവരെ കേട്ടിട്ടില്ലാത്ത തൊഴിലാളി ആനുകൂല്യ പ്ര‌ശ്‌നം സൃഷ്ടിച്ചത്. 2000ൽ കമ്പനി ഉൾപ്പെടെ വസ്തു വാങ്ങുമ്പോൾ ബാദ്ധ്യതകൾ ഒന്നും ഉണ്ടായിരുന്നില്ല. കമ്പനി പ്രവർത്തിപ്പിച്ചിട്ടില്ല. ഒരു വർഷത്തിന് ശേഷം കെട്ടിടം പൊളിച്ച് കളയുകയും ചെയ്തു. വിഷയത്തിൽ പാർട്ടി അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സെക്രട്ടറി, മുഖ്യമന്ത്രി, ജില്ലാ സെക്രട്ടറി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. സി.പി.എം അന്വേഷണം നടത്തുമ്പോൾ കാര്യങ്ങൾ വ്യക്തമാകുമെന്നും ഇത്തരക്കാരെ ചുമതലകളിൽ നിന്ന് നീക്കണമെന്നും ഷെഹിൻ.എസ്.ഷെറീഫ് പറഞ്ഞു.