കൊല്ലം: നൂറ്റിപ്പതിനേഴ് വയസുള്ള ജപ്പാൻകാരിയെ പിന്നിലാക്കി ലോകത്ത് ഏറ്റവും പ്രായം കൂടിയ മനുഷ്യനെന്ന ഖ്യാതി സ്വന്തമാക്കിയ ലോക മുത്തച്ഛൻ കൊല്ലം പട്ടാഴി വടക്കേക്കര താഴത്ത് വടക്ക് നാരായണ സദനത്തിൽ കേശവൻ നായർ അന്തരിച്ചു. 119 വയസായിരുന്നു. ലോകത്ത് ഏറ്റവും പ്രായം കൂടിയ മനുഷ്യനെന്ന ഖ്യാതി കേശവൻനായർക്ക് ലഭിച്ചത് അടുത്തിടെയാണ്. 117 വയസുള്ള ജപ്പാൻകാരിയായ കാനെ തനാക ആയിരുന്നു അതുവരെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ഗിന്നസ് ബുക്ക് രേഖപ്പെടുത്തിയിരുന്നത്.
കേശവൻനായരെപ്പറ്റി വാർത്തകൾ പരന്നതോടെ ഗിന്നസ് അധികൃതരും വിവരങ്ങൾ ശേഖരിച്ചിരുന്നു. വിവിധ സംഘടനകളും സ്കൂളുകളിലെ വിദ്യാർത്ഥികളുമൊക്കെ വീട്ടിലെത്തി ആദരിക്കുകയും ലോക മുത്തച്ഛന് വേണ്ടുന്ന പരിഗണന നൽകുകയും ചെയ്തുവന്നതാണ്. ഒരാഴ്ചയായി തീർത്തും അവശനായി കിടപ്പിലായിരുന്നു കേശവൻ നായർ. ഇന്നലെ ഉച്ചയ്ക്ക് 12.05ന് മരിച്ചു.
പാൽപ്പല്ലുകാട്ടി ചിരിമാഞ്ഞു..
അഞ്ച് വർഷം മുൻപായിരുന്നു കേശവൻ നായർക്ക് പുതിയ പല്ല് മുളച്ചത്. പാൽപ്പല്ല് കാട്ടി ചിരിച്ചുകൊണ്ടായിരുന്നു വർത്തമാനം. ആഹാരം കഴിക്കാൻ ചില്ലറ ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും വയ്പ്പ് പല്ലിനോട് കമ്പമുണ്ടായില്ല. മോണകാട്ടി ചിരിക്കുമ്പോൾ കൊച്ചുമക്കളാണ് മുത്തച്ഛന്റെ പാൽപ്പല്ലുകൾ കണ്ടത് ! വാക്കുകളിൽ തെല്ല് വിറയലും കാഴ്ചയ്‌ക്ക് മങ്ങലുമുണ്ടെങ്കിലും ഓർമ്മയിലെ വിശേഷങ്ങൾ മാഞ്ഞുപോയിരുന്നില്ല. ഗാന്ധിജിയെ രണ്ടു തവണയും നെഹ്‌റുവിനെ ഒരിക്കലും അടുത്ത് കണ്ടതും, മന്നത്തിനൊപ്പം പ്രവർത്തിച്ചതും കേശവൻനായരുടെ മങ്ങാക്കാഴ്ചകളിലെ വസന്തങ്ങളാണ്.
മാന്നാറിലെ ഗോപിനാഥൻ നായരുടെയും പാർവ്വതി അമ്മയുടെയും മകനാണ്. ജനിച്ച് തൊണ്ണൂറാം നാളിൽ അമ്മ മരിച്ചു. കൊട്ടാരത്തിൽ ശങ്കുണ്ണിയും ദയാനന്ദ സരസ്വതിയും ഗുരുനാഥൻമാരാണ്. നാട്ടിൽ അറിയപ്പെടുന്ന ആയുർവേദ ചികിത്സകനുമായി. മന്നത്തിനൊപ്പം പ്രവർത്തിച്ചപ്പോൾ വിദ്യാലയത്തിൽ ജോലി ലഭിച്ചെങ്കിലും അത് ഉപേക്ഷിച്ച് നാട്ടിൽ കുടിപ്പള്ളിക്കൂടം തുടങ്ങി. കേശവനാശാനായി. കൊടുമണിൽ നിന്നു പാറുക്കുട്ടിയമ്മയെ വിവാഹം ചെയ്ത ശേഷമാണ് പട്ടാഴിയിലേക്ക് താമസം മാറ്റിയത്.
പാറുക്കുട്ടിയമ്മയും മൂത്തമകൻ വാസുദേവൻ നായരും വിട പറഞ്ഞപ്പോൾ മൂന്നാമത്തെ മകളായ ശാന്തമ്മയുടെ ഒപ്പമായിരുന്നു താമസം. മറ്റ് മക്കളായ രാമചന്ദ്രൻ പിള്ളയും ശാരദയും ഗോപാലകൃഷ്ണൻ നായരും സദാ അച്ഛന്റെ ക്ഷേമാന്വേഷണത്തിനുണ്ടായിരുന്നു. പക്ഷെ, ലോക മുത്തച്ഛനായി ഔദ്യോഗികമായി അംഗീകരിക്കാനുള്ള നാളുകൾ അടുത്തപ്പോഴേക്കും കേശവൻനായർ വിടപറഞ്ഞു.