കൊല്ലം: ജില്ലയുടെ വലിയൊരു ഭാഗം പ്രദേശങ്ങളും കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അടച്ചതോടെ അവശ്യവസ്തുക്കൾ നേരിട്ട് വീട്ടിലെത്തിച്ച് പിടിച്ചുനിൽക്കാനുള്ള ശ്രമത്തിലാണ് വ്യാപാര സ്ഥാപനങ്ങൾ. സ്വന്തം നിലയിലും സനദ്ധസംഘടനാ പ്രവർത്തകർ, ജനപ്രതിനിധികൾ എന്നിവരുമായി സഹകരിച്ചുമാണ് വ്യാപാര സ്ഥാപനങ്ങൾ ഹോം ഡെലിവറി കൊഴുപ്പിക്കാൻ ശ്രമിക്കുന്നത്.
കൊവിഡ് ഭീഷണി ഒഴിഞ്ഞെന്ന ആശ്വാസത്തിൽ പല വ്യാപാരികളും വലിയ അളവിൽ ഉല്പന്നങ്ങൾ സംഭരിച്ചപ്പോഴാണ് വീണ്ടും രോഗവ്യാപനം വർദ്ധിച്ച് പലയിടങ്ങളും കണ്ടെയ്ൻമെന്റ് സോണുകളായത്. പല തീവ്രബാധിത പ്രദേശങ്ങളിലും പലചരക്ക് കടകൾ പോലും ആദ്യ ദിവസങ്ങളിൽ തുറക്കാൻ അനുവദിച്ചിരുന്നില്ല. സമീപദിവസങ്ങളിൽ ഇത്തരം കച്ചവട സ്ഥാപനങ്ങൾക്ക് അനുമതി ലഭിച്ചതോടെയാണ് സ്റ്റോക്ക് വിറ്റഴിക്കാൻ ഹോം ഡെലിവറിയുടെ സാദ്ധ്യത പല വ്യാപാരികളും പരീക്ഷിച്ച് തുടങ്ങിയത്. മത്സ്യം പോലെ പച്ചക്കറി വ്യാപകമായി വീട്ടുമുറ്റങ്ങളിൽ ഇപ്പോൾ എത്തുന്നുണ്ട്. ഇതേ മാതൃകയിൽ പ്രദേശികമായി ഓർഡറെടുത്താണ് പലചരക്ക് ഉല്പന്നങ്ങൾ വീടുകളിലെത്തിക്കുന്നത്. ചില സ്ഥാപനങ്ങൾ ഹോം ഡെലിവറിക്കായി ചെറുപ്പക്കാരെ പുതുതായി ജോലിക്കെടുക്കുകയും ചെയ്തു.
വൻകിട ഓൺലൈൻ വ്യാപാര സംരംഭങ്ങളുടെ മാതൃകയിൽ സ്വന്തം നിലയിൽ ആപ്പ് വികസിപ്പിക്കാനുള്ള ശ്രമവും തുടങ്ങി. ചിലയിടങ്ങളിൽ യുവാക്കൾ കൊവിഡ് കാലത്തെ സ്വയം തൊഴിൽ എന്ന നിലയിൽ ഒന്നിലധികം വ്യാപാര സ്ഥാപനങ്ങളെ കോർത്തിണക്കി ഹോം ഡെലിവറി തുടങ്ങിയിട്ടുണ്ട്. വാഹന ചെലവ് ഒഴിവാകുന്നതിനൊപ്പം രോഗവ്യാപന ഭീഷണിയും ഒഴിവാകുന്നതിനാൽ ജനങ്ങളും പുതിയ മാറ്റത്തോട് സഹകരിച്ച് തുടങ്ങിയിട്ടുണ്ട്.