ഒാച്ചിറ: ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി ഫാമിലി ഹെൽത്ത് സെന്ററായി ഉയർത്തിയ അഴീക്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നവീകരണം ഉടൻ പൂർത്തിയാകും. നാഷണൽ ഹെൽത്ത് മിഷന്റെ സഹായത്തോടെ ഒ.പി ബിൽഡിംഗിന്റെ നവീകരണം നടന്നു വരുകയാണ്. പി.ഡബ്ലിയു.ഡി ബിൽഡിംഗ് വിഭാഗത്തിന്റെ ഫണ്ടുപയോഗിച്ച് നിർമ്മിച്ച മുലയൂട്ടുന്ന അമ്മമാർക്കുള്ള കെട്ടിടത്തിന്റെയും സ്ത്രീ സൗഹൃദ ടോയ്ലറ്റിന്റെയും നിർമ്മാണം പൂർത്തിയായി. ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗപ്പെടുത്തിയുള്ള ടോയ്ലറ്റ് സമുച്ചയത്തിന്റെ നിർമ്മാണവും പൂർത്തിയാക്കി. എല്ലാ വിധ ടെസ്റ്റുകളും നടത്താൻ കഴിയുന്ന രീതിയിലുള്ള ലാബും സജ്ജീകരിച്ചിട്ടുണ്ട്. ഇ.സി.ജി ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഉടൻതന്നെ ലഭ്യമാക്കും.
പൂർണമായ പ്രവർത്തനം തുടങ്ങുമ്പോൾ ശിശു സൗഹൃദ ഒ.പി റൂമും ഒരുങ്ങും. പീഡിയാട്രിക് ഒ.പി നവീകരണം, കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ, 2 ടെലിവിഷനുകൾ, കസേരകൾ, ഗാർഡനിംഗ് എന്നിവ അഴീക്കൽ സാംസ്കാരിക കൂട്ടായ്മ പ്രവർത്തകരുടെ സംഭാവനയാണ്.
മത്സ്യ ബന്ധനത്തിനിടെ അപകടത്തിൽപ്പെടുന്നവർക്കും അസുഖബാധിതരാകുന്നവർക്കും മുഴുവൻ സമയവും ഡോക്ടറുടെ സേവനം ലഭ്യമാകുന്ന രീതിയിൽ കിടത്തിച്ചികിത്സ ആരംഭിക്കും.
ആർ. ബേബി, ഗ്രാമ പഞ്ചായത്തംഗം, അഴീക്കൽ.
പൊതു ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ അഴീക്കൽ ഗവ. ആശുപത്രിയെ തീരദേശത്തെ ഏറ്റവും മികച്ച ആശുപത്രിയാക്കി ഉയർത്തും. ജനപ്രതിനിധികൾ, പൊതുജനങ്ങൾ തുടങ്ങിയവരുടെ സഹകരണത്തോടെ ലക്ഷ്യം പൂർത്തീകരിക്കും.
ഡോക്ടർ അരുൺ, മെഡിക്കൽ ഓഫീസർ
മുഴുവൻ സമയ ലാബ് സൗകര്യം
ഫാമിലി ഹെൽത്ത് സെന്ററാകുന്നതോടെ മുഴുവൻ സമയ ലാബ് സൗകര്യം, വൈകിട്ട് 6 മണി വരെ ഡോക്ടറുടെ സേവനം തുടങ്ങിയവ ലഭ്യമാകും. 4 ഡോക്ടർമാർ, 3 സ്റ്റാഫ് നഴ്സ്, 2 ഫാർമസ്റ്റിറ്റ്, 2 ലാബ് ടെക്നീഷ്യൻ എന്നിവരാണ് ഫാമിലി ഹെൽത്ത് സെന്ററിന് വേണ്ടത്. നിലവിൽ 2 ഡോക്ടർമാർ, 2 സ്റ്റാഫ് നഴ്സ്, ഒരു ഫാർമസിസ്റ്റ്, ഒരു പാർട്ട് ടൈം ലാബ് ടെക്നീഷ്യൻ എന്നിവരാണുള്ളത്.
തണൽ, വയോമിത്രം പദ്ധതികൾ
ആലപ്പാട് പഞ്ചായത്തിലെ 5 വയസിൽ താഴെയുള്ള കുട്ടികളിലെ പോഷകാഹാരക്കുറവ് കണ്ടെത്തി പരിഹരിക്കുന്നതിനുള്ള തണൽ പദ്ധതി വിജയകരമായി നടന്നു വരുന്നു. മാനസികാരോഗ്യ വെല്ലുവിളികൾ നേരിടുന്നവർക്കായുള്ള മരുന്ന് ഇപ്പോൾ ഫാർമസി വഴി ലഭ്യമാണ്. വയോമിത്രം പദ്ധതി പ്രകാരം വയോജനങ്ങൾക്കുള്ള സേവനവും ലഭ്യമാണ്. മാസത്തിലെ ആദ്യ ശനിയാഴ്ച നേത്രരോഗ വിദഗ്ദ്ധന്റെ സേവനവും ലഭ്യമാണ്.
ചുറ്റുമതിൽ നിർമ്മാണം
പഞ്ചായത്ത് പ്ലാൻ ഫണ്ട് ഉപയോഗിച്ചുള്ള ചുറ്റുമതിൽ നിർമ്മാണവും പ്രവേശന കവാടത്തിന്റെ നിർമ്മാണവും അവസാന ഘട്ടത്തിലാണ്. മുൻവശം തറയോട് പാകി വൃത്തിയാക്കുക, വാഹന പാർക്കിംഗിനുള്ള ഷെഡിന്റെ നിർമ്മാണം എന്നിവയാണ് ഇനി പൂർത്തിയാകാനുള്ളത്. എം.ജി.എൻ.ആർ.ഇ.ജി.എസ് ഫണ്ട് ഉപയോഗിച്ചുള്ള ഓട നിർമ്മാണം ഉടൻ പൂർത്തിയാകും.