തൊടിയൂർ: ആഘോഷമെന്തുമായിക്കോട്ടേ വീട്ടിലേക്കാദ്യമെത്തുന്നത് പന്തലുപണിക്കാരായിരിക്കും. ആഘോഷമൊക്കെ കഴിഞ്ഞ് അവസാനം തിരിച്ചുപോകുന്നതും അവരുതന്നെ. നമ്മുടെ ചെറുതും വലുതുമായ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടിയവർ. കൊവിഡ് വന്നതോടെ നമ്മൾ അകറ്റി നിർത്തിയ ആഘോഷങ്ങൾക്കൊപ്പം പന്തൽ തൊഴിലാളികളുമുണ്ട്. അവരുടെ പ്രതിസന്ധിയിലായ ജീവിതവുമുണ്ട്.

കല്ല്യാണം പന്തലില്ലാതെ

കൊവിഡിന്റെ തുടക്കത്തിൽ മാറ്റിവച്ച വിവാഹങ്ങൾ പൂർവാധികം ആർഭാടത്തോടെ ആഘോഷങ്ങളോടെ നടക്കുമായിരിക്കും എന്ന് ആശ്വസിച്ച പന്തൽപ്പണിക്കാർക്ക് കൊവിഡിന്റെ വ്യാപനം വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. പിന്നത്തേക്ക് മാറ്റിവച്ച വിവാഹങ്ങളെല്ലാം ആഘോഷങ്ങൾ മറന്ന് പന്തലുകളുടെ തുണയില്ലാതെ വീടുകളിലെ സ്വീകരണ മുറികളിലേക്ക് ഒതുങ്ങുന്ന കാഴ്ചകളാണ് ഇപ്പോൾ കാണാനാവുക.

മരണവീടുകളിൽ പന്തൽ ഔട്ട്

മരണവീടുകളിലെ സ്ഥിരം പന്തൽ കാഴ്ചകൾ പോലും ഇപ്പോഴില്ല. മരണവീടുകളിലേക്ക് ആളുകളെ അടുപ്പിക്കാത്തവിധം കൊവിഡ് കയറി ഇറങ്ങുന്ന സാഹചര്യത്തിൽ മരണവീട്ടിലും പന്തൽ ഔട്ടായി. അഞ്ചോ പത്തോ ആളുകൾ മാത്രം പങ്കെടുക്കുന്ന ചടങ്ങായി മരണവും മാറി. അല്ലെങ്കിൽ മരണവും മറ്റ് ചടങ്ങുകളുമൊക്കെയായി ദിവസങ്ങളുടെ വരുമാനമാണ് പന്തൽപണിക്കാർക്ക് നഷ്ടമായത്. പന്തൽ മാത്രമല്ല, കസേര, ഡെസ്ക്ക്, പാത്രങ്ങൾ തുടങ്ങി പല സാധനങ്ങളും ഇവർ ആഘോഷങ്ങൾക്ക് വാടകയ്ക്ക് നൽകാറുണ്ട്. ഒപ്പം ചിലർ കാറ്ററിംഗ് സർവീസും നടത്തിയിരുന്നു. ഓരോ പന്തൽ കരാറുകാരന്റെയും അയാളുടെ കീഴിൽ പണി ചെയ്യുന്ന തൊഴിലാളികളുടെയും ഉപജീവനമാർഗമായിരുന്നു അത്. സർക്കാരിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും ഇടപെടലുകളുണ്ടാകുമെന്ന പ്രത്യാശയിലാണ് ഓരോ പന്തലുപണിക്കാരും.

പൊതുചടങ്ങുകളും മീറ്റിങ്ങുകളും ഓൺലൈനിൽ

പൊതുചടങ്ങുകളും മീറ്റിങ്ങുകളും എല്ലാമിപ്പോൾ ഓൺലൈനിലാണ്. സ്റ്റേജുകളേ വേണ്ട.

ഉത്സവങ്ങളില്ല

ഉത്സവങ്ങൾ നടത്താതിനാൽ ക്ഷേത്രങ്ങളിൽ ഉത്സവകാലത്ത് നിർമ്മിച്ചിരുന്ന പന്തലും

വേണ്ടാതായി.

'ഇപ്പോൾ വളരെ അപൂർവമായി ചില ചെറിയ പണികൾ കിട്ടിയാലായി. ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾ പട്ടിണിയിലാണ്. അവരെയൊന്നും സഹായിക്കാൻ കഴിയുന്നില്ല. കടം വാങ്ങിയും മറ്റും പന്തൽ നിർമ്മാണ സാമഗ്രികൾ വാങ്ങിയിട്ടുണ്ട്. ഈ പണംതിരിച്ചു കൊടുക്കാൻ കഴിയുന്നില്ല. ജീവിതം വഴിമുട്ടിയപോലെ, ഇനി എന്തെങ്കിലും പുതിയവഴികണ്ടെത്തണം.

ഹിരൻലാൽ

കല്ലേലിഭാഗം ടി. എസ് ഡെക്കറേഷൻ