കരുനാഗപ്പള്ളി: വർഷങ്ങളായി കുലശേഖരപുരം ഗ്രാമ പഞ്ചായത്തിൽ നിലനിൽക്കുന്ന കുടിവെള്ള ക്ഷാമത്തിന് ഒടുവിൽ ശാശ്വത പരിഹാരമാകുന്നു. പുതുതായി കുഴൽ കിണറുകൾ നിർമ്മിച്ചും കടപുഴ കുടിവെള്ള പദ്ധതി പ്രാവർത്തികമാക്കിയുമാണ് പ്രശ്നത്തിന് പരിഹാരമുണ്ടാക്കുന്നത്. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്യാഗസ്ഥരുടെ യോഗം വിളിച്ച് കാര്യങ്ങളുടെ നിജസ്ഥിതി ആരാഞ്ഞിരുന്നു. ഓച്ചിറ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ കരുനാഗപ്പള്ളി വഴിയാണ് ആലപ്പാട്ടേക്ക് കടന്ന് പോകുന്നത്. ഇത് കുലശേഖരപുരം ഗ്രാമ പഞ്ചായത്തിന്റെ പരിധിയിലൂടെയാണ് പോകുന്നത്. എന്നിട്ടും കുലശേഖരപുരത്തെ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ നാട്ടുകാർ വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

3 കുഴൽ കിണറുകൾ

52 ലക്ഷം രൂപ

കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി കുലശേഖരപുരത്തെ കൊപ്രാ സംഭരണ കേന്ദ്രത്തിന് സമീപവും ആലപ്പാട്ട് ഗ്രാമ പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന കാക്കത്തുരുത്ത്, പണ്ടാരതുരുത്ത് എന്നിവിടങ്ങളിലും മൂന്ന് കുഴൽ കിണറുകൾ നിർമ്മിക്കാൻ ആർ. രാമചന്ദ്രൻ എം.എൽ.എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 52 ലക്ഷം രൂപ അനുവദിച്ചു. മൂന്ന് പ്രോജക്ടുകൾക്കും ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്ന് ഉദ്യാഗസ്ഥർ പറയുന്നു. പുതിയകാവ്, പുത്തൻതെരുവ് എന്നിവിടങ്ങളിൽ രണ്ട് കുഴൽ കിണറുകൾ വാട്ടർ അതോറിട്ടിയും ഭൂർഗർഭ ജലവിഭവ വകുപ്പും നിർമ്മിക്കും. ഈ പദ്ധതികൾ പൂർത്തിയാകുന്നതൊടെ കുലശേഖരപുരം ഗ്രാമ പഞ്ചായത്തിൽ കുടിവെള്ളം സുലഭമായി ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.

പുതിയ കുടിവെള്ള പദ്ധതി

കല്ലട ആറ് കടന്ന് പോകുന്ന കടപുഴയിൽ നിന്നുള്ള ജലം കുലശേഖരപുരത്തെത്തിച്ച് ശുദ്ധീകരിച്ച് കുലശേഖരപുരം, തൊടിയൂർ പഞ്ചായത്തുകളിൽ കുടിവെള്ളമെത്തിക്കാൻ കഴിയുന്ന പദ്ധതി വാട്ടർ അതോറിട്ടിയുടെ പരിഗണനയിലാണ്. പദ്ധതിയുടെ പ്രാരംഭ പഠനം ആരംഭിച്ച് കഴിഞ്ഞതായും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കുലശേഖരപുരത്ത് 5 കുഴൽ കിണറുകൾ ഉണ്ടെങ്കിലും 3 എണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്

കുടിവെള്ള ക്ഷാമം

വേനൽക്കാലം തുടങ്ങുന്നതിന് മുൻപ് തന്നെ പഞ്ചായത്തിൽ കുടിവെള്ള ക്ഷാമം തുടങ്ങും. പഞ്ചായത്തിന്റെ കായൽ തീരങ്ങളിൽ താമസിക്കുന്നവർ വേനൽക്കാലത്ത് കുടിവെള്ളത്തിന് നെട്ടോട്ടമോടുന്നത് പതിവ് കാഴ്ച്ചയാണ്. കുലശേഖരപുരത്ത് നിലവിൽ കുടിവെള്ളം ലഭിക്കുന്നത് കുഴൽ കിണറുകളിൽ നിന്നാണ്. ഇവിടെ 5 കുഴൽ കിണറുകൾ ഉണ്ടെങ്കിലും 3 എണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്. കോട്ടയ്ക്കുപുറം, സംഘപ്പുരമുക്ക്, പുത്തൻതെരുവ് എന്നിവിടങ്ങളിലാണ് നിലവിൽ കുഴൽ കിണറുകൾ ഉള്ളത്.