പന്തൽ- കാറ്ററിംഗ് മേഖലയിലുള്ളവരുടെ ജീവിതം വഴിമുട്ടി
കൊല്ലം: നിറങ്ങളാൽ അലങ്കരിച്ച പന്തലിൽ തൂശനിലയിൽ സദ്യ വിളമ്പിയവരുടെ ജീവിതം 'ഊണില്ലെന്ന്' പറയുന്ന അവസ്ഥയിലായി. നൂല്കെട്ട് മുതൽ കല്യാണം വരെയുള്ള ചടങ്ങുകൾ കൊഴുപ്പിച്ച പന്തൽ- കാറ്ററിംഗ് മേഖലയിലുള്ളവരുടെ ജീവിതമാണ് നിറം മങ്ങിത്തുടങ്ങിയത്.
കൊവിഡ് പ്രതിസന്ധിയിൽ ജനങ്ങൾ ഒത്തുകൂടുന്നതും ചടങ്ങുകൾ ഒഴിവാക്കിയതുമാണ് ഈ രംഗത്തുള്ള ആയിരങ്ങളെ ബുദ്ധിമുട്ടിലാക്കിയത്. ഇപ്പോൾ നടക്കുന്ന കല്യാണങ്ങളിലാകട്ടെ പരമാവധി പങ്കെടുക്കുന്നത് അൻപത് പേരാണ്. കൊവിഡ് ഭയത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പോലും ആഘോഷങ്ങളിൽ പങ്കെടുക്കുന്നില്ല. ഇതോടെ പന്തൽ, ഭക്ഷണം തുടങ്ങിയവ തയ്യാറാക്കാൻ പുറത്ത് നിന്ന് ആരെയും വിളിക്കാതായി.
വധുവിന്റെ വീട്, ക്ഷേത്രം എന്നിവിടങ്ങളിലെ ചെറിയ ചടങ്ങായി വിവാഹം ഒതുങ്ങി. അൻപത് പേർക്ക് സദ്യ ഒരുക്കിയാലും കൂട്ടമായിരുന്ന് കഴിക്കാൻ വിമുഖത അറിയിച്ച് പലരും മടങ്ങുകയാണ്. നാല് മാസമായി ഇതേ സ്ഥിതിയായതോടെ സംരംഭകർ സാമ്പത്തിക ബാദ്ധ്യതയിലേക്കും തൊഴിലാളികൾ ജീവിത ബുദ്ധിമുട്ടിലേക്കും വീണുഴലുകയാണ്.
നവീന ആശയക്കാർ നടുക്കടലിൽ
1. ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകളുടെ മത്സരം ശ്രദ്ധേയമായിരുന്നു
2. വർണവും വസ്ത്രവും മുതൽ പന്തലും ഭക്ഷണവും വരെ ഒരുക്കും
3. ബാങ്ക് ലോണെടുത്ത് പുത്തൻ സാദ്ധ്യതകൾ തേടി യുവാക്കൾ
4. ഇപ്പോൾ കണ്ടെയ്ൻമെന്റ് സോണിലെ വഴികളടയ്ക്കാൻ പൊലീസുകാർ വിളിക്കും
5. പ്രതിസന്ധിയിൽ നിന്ന് കയറാനാതെ ഇവന്റ് ഗ്രൂപ്പുകളും പന്തൽ ജോലിക്കാരും
ആയിരങ്ങളുടെ വഴി അടഞ്ഞു
ഭക്ഷണം തയ്യാറാക്കാനും വിളമ്പാനും എത്തുന്നവരിൽ മിക്കവരും വിദ്യാർത്ഥികളും ഉദ്യോഗാർത്ഥികളുമാണ്. പഠന ചെലവിനുള്ള വഴിയായി കാറ്ററിംഗ് സ്ഥാപനങ്ങളിലെ ജോലിയെ കാണുന്നവരുണ്ട്. മൂന്നോ നാലോ മണിക്കൂർ നേരത്തെ ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ തെറ്റില്ലാത്ത പണം കൈയിലെത്തും. നിലവിലെ സ്ഥിതി പ്രതിസന്ധികളിലേക്ക് തള്ളിയിട്ടിരിക്കുകയാണ്.
''
സ്വപ്നത്തിൽ പോലും ഇത്തരമൊരു പ്രതിസന്ധിയെ കുറിച്ച് ചിന്തിച്ചിട്ടില്ല. എന്ത് ചെയ്യുമെന്ന് അറിയില്ല. കടം വാങ്ങിയാണ് പണം മുടക്കിയത്. തൊഴിലാളികൾക്കും പണിയില്ല.
സി.രാജേഷ്, സംരംഭകൻ