twon
പുനലൂർ നഗരസഭ പ്രദേശങ്ങളെ വീണ്ടും കണ്ടെയിൻമെൻറ് സോണായി പ്രഖ്യാപിച്ചതോടെ ടൗൺ വിജനമായ നിലയിൽ..

പുനലൂർ: പുനലൂർ നഗരസഭയിലെ മണിയാറിൽ കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടർക്കും പിതാവിനും കൊവിഡ് സ്ഥിരീകരിച്ചതോടെ പുനലൂർ പട്ടണത്തെ വീണ്ടും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചത് ജനങ്ങളെയും വ്യാപാരികളെയും ബുദ്ധിമുട്ടിലാക്കി.ഒരു വാർഡിൽ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് നഗരസഭയിലെ 35 വാർഡുകളെയും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതാണ് ബുദ്ധിമുട്ടുകൾക്ക് കാരണം. ചൊവ്വാഴ്ച രാത്രിയിൽ പ്രഖ്യാപനം ഉണ്ടായത് അറിയാതെ ഇന്നലെ രാവിലെ ടൗണിൽ എത്തിയ ജനങ്ങളെ പൊലിസ് മടക്കി അയച്ചു. തുറന്ന് പ്രവർത്തിച്ച ആവശ്യ സർവീസ് അല്ലാത്ത വ്യാപാരശാലകൾ പൊലിസ് അടപ്പിച്ചു. തുടർന്ന് അത്യാവശ്യ സർവീസ് അല്ലാത്ത വ്യാപാരശാലകൾ തുറക്കരുതെന്നും അനവാശ്യമായി ജനങ്ങൾ പുറത്ത് ഇറങ്ങരുതെഅനൗൺസ് ചെയ്തതോടെ ടൗൺ വിജനമായി.

പ്രതിഷേധം

മേയ് മാസത്തിൽ പുനലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂലിന് സമീപത്തെ വ്യാപാരിക്കും മകനും കൊവിഡ് സ്ഥിരീകരിച്ചപ്പോൾ മൂന്നാഴ്ചയോളം പുനലൂർ ടൗൺ അടക്കം അഞ്ച് വാർഡുകളെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിന് ശേഷം രോഗം സ്ഥിരീകരിക്കുന്ന ആൾ താമസിക്കുന്ന വാർഡുകളെ മാത്രം കണ്ടെയ്ൻമെന്റ് സോണാക്കുകയായിരുന്നു പതിവ്. ഇപ്പോൾ നഗരസഭയിലെ 35 വാർഡുകളെയും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

ജനക്കൂട്ടം ഒഴിവാക്കാൻ

അടച്ച് പൂട്ടിയ മറ്റ് പഞ്ചായത്ത് പ്രദേശങ്ങളിൽ നിന്നും വിദേശ മദ്യവും മറ്റും വാങ്ങാൻ പുനലൂരിൽ ജനങ്ങൾ വ്യാപാകമായി എത്തിയത് ആശങ്കക്ക് ഇടയായി. കൂടാതെ വിവിധ പഞ്ചായത്തുകളിൽ നിന്നും പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ എത്തി സ്രവ പരിശോധനകൾ കഴിഞ്ഞ് മടങ്ങുന്നവർ ഹോട്ടലുകളിലും മറ്റും വ്യാപാരശാലകളിലും കയറി സാധനങ്ങൾ വാങ്ങിയിരുന്നു. ഇവർ കയറിയ ഹോട്ടലും മെഡിക്കൽ സ്റ്റോറും ആരോഗ്യ വകുപ്പ് അധികൃതർ അടപ്പിച്ചിരുന്നു.ഇവരിൽ ചിലരുടെ പരിശോധന ഫലം പോസിറ്റീവ് ആകുന്നതോടെ ഇവർ പുനലൂർ സ്വദേശികളാണെന്ന ധാരണയിലാകാം നഗരസഭയെ കണ്ടെയ്ൻമെന്റ് സോണായി വീണ്ടും പ്രഖ്യാപിക്കാൻ കാരണമെന്നും സൂചനയുണ്ട്.