കൊട്ടാരക്കര: പുത്തൂർ പാണ്ടറ ശ്രീവത്സം റോഡ് തകർന്ന് തരിപ്പണമായി. ടാറിംഗ് ഇളകി മാറി മെറ്റൽ തെളിഞ്ഞതിനാൽ കാൽനട യാത്രയ്ക്കും ബുദ്ധിമുട്ടുകയാണ് ഗ്രാമവാസികൾ. നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ കരുവായം വാർഡിൽ ഉൾപ്പെടുന്നതാണ് റോഡ്. കൊട്ടാരക്കര- പുത്തൂർ റോഡിൽ പാണ്ടറ ജംഗ്ഷനിൽ നിന്നും തുടങ്ങുന്നതാണ് റോഡ്. കല്ലുംമൂട് ജംഗ്ഷന് മുൻപായി പുത്തൂർ റോഡിൽത്തന്നെ വന്നിറങ്ങുകയും ചെയ്യും. മൂന്ന് വർഷം മുൻപ് റോഡ് ടാർ ചെയ്തുവെങ്കിലും കൂടുതൽ ആയുസ് ഉണ്ടായിരുന്നില്ല. ഘട്ടം ഘട്ടമായി ടാറിംഗിന്റെ മുക്കാൽ പങ്കും ഇളകിപ്പോയി. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും നിത്യ സംഭവമാണ്. അത്യാവശ്യ അറ്റകുറ്റപ്പണി നടത്താൻപോലും അധികൃതർ താത്പര്യമെടുക്കുന്നില്ല. സമര പരിപാടികളുമായി രംഗത്തുവരാനാണ് ഗ്രാമവാസികൾ ആലോചിക്കുന്നത്.