കൊല്ലം: മാസ്ക് ധരിക്കാതെ പൊതു ഇടങ്ങളിൽ യാത്ര നടത്തിയ 474 പേർക്കെതിരെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പൊലീസ് കേസെടുത്തു. കൊല്ലം സിറ്റി പൊലീസ് 387 പേർക്കെതിരെ നടപടിയെടുത്തപ്പോൾ റൂറൽ പൊലീസ് 87 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട് വിവിധ പൊലീസ് സ്റ്റേഷനുകളിൽ 129 കേസുകൾ രജിസ്റ്റർ ചെയ്ത് 38 പേരെ അറസ്റ്റ് ചെയ്തു. സാമൂഹിക അകലം പാലിക്കാതെ പൊതു ഇടങ്ങളിൽ പെരുമാറിയ 103 പേരിൽ നിന്ന് പിഴ ഈടാക്കി. അനാവശ്യ യാത്രകൾക്കും നിയമ ലംഘനങ്ങൾക്കും ഉപയോഗിച്ച 28 വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു.