കരുനാഗപ്പള്ളി: ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ നടത്തിയ സാബ് പരിശോധനയിൽ 18 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ആലപ്പാട്ട് 7, കുലശേഖരപുരം 8, കരുനാഗപ്പള്ളി 2, തൊടിയൂർ 1 എന്ന ക്രമത്തിലാണ് രോഗബാധിതർ. ആലപ്പാട്ട് ഗ്രാമ പഞ്ചായത്തിൽ രോഗം നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി വെള്ളനാതുരുത്തിൽ ഇന്നലെ മുതൽ സാബ് പരിശോധനാ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. കേന്ദ്രത്തിന്റെ ഉദ്ഘാടനം ആർ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ആലപ്പാട്ട് സാമൂഹ്യ വ്യാപനം വർദ്ധിക്കുന്നതിനാലാണ് പരിശോധനാ കേന്ദ്രം തുടങ്ങാൻ തീരുമാനിച്ചത്. തൊടിയൂർ ഗ്രാമ പഞ്ചായത്തിൽ ഗ്യാസ് സിലിണ്ടർ വിതരണക്കാരനിൽ നിന്നാണ് വ്യാപനം ഉണ്ടായതെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ കരുതുന്നു. ഇയാളിൽ നിന്ന് ഗ്യാസ് സിലിണ്ടർ വാങ്ങിയിട്ടുള്ളവ‌ർ തൊടിയൂർ പി.എച്ച്. സെന്ററുമായി ബന്ധപ്പെടണമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.