വെട്ടിക്കവലയിൽ കുട്ടികളുൾപ്പടെ 16 പേർക്ക്

കൊല്ലം: വെട്ടിക്കവലയിലും കൊട്ടാരക്കരയിലും കൊവിഡ് കൂടുതൽ പിടിമുറുക്കി. വെട്ടിക്കവലയിൽ ഇന്നലെ രണ്ട് കുട്ടികൾ ഉൾപ്പടെ പതിനാറുപേർക്ക് പോസിറ്റീവ്, കൊട്ടാരക്കര നഗരസഭയിൽ ആറുപേർക്കും മൈലത്ത് മൂന്നുപേർക്കും ഉമ്മന്നൂരിലും എഴുകോണിലും ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചു.

വെട്ടിക്കവലയിൽ ഒരാഴ്ചയ്ക്കുള്ളിൽ അറുപത് പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്. വെട്ടിക്കവല പഞ്ചായത്തിലെ തലച്ചിറയിൽ പത്ത് പേർക്കും കണ്ണംകോട് മൂന്നുപേർക്കും നിരപ്പിൽ ഭാഗത്ത് മൂന്നുപേർക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. എതിൽ എട്ടുവയസുള്ള ആൺകുട്ടിയും ഒൻപത് വയസുള്ള പെൺകുട്ടിയും ഉൾപ്പെടുന്നു. ഇരുന്നൂറിലധികംപേരുടെ പരിശോധനാ ഫലം ഇനിയും ലഭിക്കാനുണ്ട്. കൊട്ടാരക്കരയിൽ രോഗബാധിതർ ഇതുവരെ 45 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. നഗരസഭയിലെ ഒന്നാംവാർഡിൽ നാലുപേർക്കും മൂന്നാം വാർഡിൽ ഒരാൾക്കും ഇരുപത്തേഴാം വാർഡിൽ ഒരാൾക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.

ഉമ്മന്നൂരിലും എഴുകോണിലും 1 വീതം

മൈലത്ത് മൂന്നുപേർക്ക്

മൈലം ഗ്രാമപഞ്ചായത്തിൽ ആദ്യമായാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മൂന്നുപേർക്ക് പോസിറ്റീവായി. മത്സ്യ വിൽപ്പനക്കാരന് രോഗം പരന്നതിനാൽ സമ്പർക്ക സാദ്ധ്യത കൂടുതലാണ്. കോട്ടാത്തല ജംഗ്ഷനിൽ മത്സ്യവും ആട്ടിറച്ചിയും വിൽപ്പന നടത്തിയ ആളാണ് രോഗബാധിതരിൽ ഒരാൾ.

പുത്തൂരിലും ആശങ്ക

പുത്തൂരിലെ ലോട്ടറി വിൽപ്പന കേന്ദ്രത്തിൽ ഒരു ദിവസം ജോലി ചെയ്തിരുന്നയാൾക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ പുത്തൂർ പട്ടണത്തിൽ ആശങ്ക പടർന്നിരുന്നു. രാവിലെ കച്ചവട സ്ഥാപനങ്ങൾ തുറക്കേണ്ടെന്ന് ഒരു വിഭാഗം തീരുമാനിച്ചെങ്കിലും ഭയപ്പെടാനില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കം പുലർത്തിയ ലോട്ടറി വിൽപ്പന കേന്ദ്രത്തിലെ രണ്ടുപേരെയും സമീപത്തെ ചായക്കടയിലെ രണ്ടുപേരെയും ക്വാറന്റൈയിനാക്കി. ലോട്ടറി കട ആരോഗ്യ വകുപ്പ് അടപ്പിച്ചു.