houses

 ക്ളസ്റ്ററിന് പുറത്തുള്ള വീടുകളുമായി സമ്പർക്കം അനുവദിക്കില്ല

കൊല്ലം: നഗരത്തിലെ തീരമേഖലയിൽ കൊവിഡ് വ്യാപനം തടയാൻ പത്ത് വീടുകൾ വീതം ഉൾപ്പെടുത്തി ക്ലസ്റ്ററുകൾ രൂപീകരിക്കും. ക്ലസ്റ്ററിന് പുറത്തുള്ള വീട്ടുകാരുമായി സമ്പർക്കം അനുവദിക്കില്ല. ആർക്കെങ്കിലും കൊവിഡ് സ്ഥിരീകരിച്ചാലും പത്ത് വീടുകൾക്ക് അപ്പുറത്തേക്ക് പടരാതിരിക്കാനാണ് ഈ തീരുമാനം. ശക്തികുളങ്ങര മുതൽ ഇരവിപുരം വരെയുള്ള നഗരത്തിലെ തീരമേഖലയിൽ ഇന്ന് ക്ലസ്റ്റർ രൂപീകരണം തുടങ്ങും.

ഓരോ ക്ലസ്റ്ററിലും ഉൾപ്പെടുന്ന യുവതീ യുവാക്കൾക്കാണ് നിരീക്ഷണ ചുമതല. ക്ലസ്റ്റർ കോ ഓർഡിനേറ്റർമാരായ യുവാക്കൾ നിലവിലുള്ളവരുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നതിനൊപ്പം പുറത്തുനിന്ന് ആരെങ്കിലും എത്തിയാൽ നഗരസഭയ്ക്ക് വിവരം കൈമാറും.

മത്സ്യബന്ധനത്തിന് പോകാൻ കൊവിഡ് നിയന്ത്രണാതീതമായി തുടരുന്ന കുളച്ചൽ അടക്കമുള്ള പ്രദേശങ്ങളിൽ നിന്ന് മത്സ്യത്തൊഴിലാളികൾ കൊല്ലം തീരത്ത് എത്തുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിമിതമായ വീടുകൾ ഉൾപ്പെടുത്തി ക്ലസ്റ്റർ രൂപീകരിക്കുന്നത്. പുറത്ത് നിന്നുള്ളവർ തീരത്തെ ചെറിയ വീടുകളിൽ തിങ്ങിഞ്ഞെരുങ്ങി കഴിയുന്നതായും വിവരമുണ്ട്.

 " നഗരത്തിൽ എല്ലാ വാർഡുകളിലും നിലവിൽ കൊവിഡ് ജാഗ്രതാ സമിതികൾ പ്രവർത്തിക്കുന്നുണ്ട്. തീരദേശത്ത് ആർക്കെങ്കിലും കൊവിഡ് വന്നാൽ വേഗത്തിൽ പടരാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് പത്ത് വീടുകൾ ഉൾപ്പെടുത്തി ക്ലസർ രൂപീകരിക്കുന്നത്."

ഹണി ബഞ്ചമിൻ (മേയർ)

 പാവപ്പെട്ടവർക്ക് സൗജന്യ ക്വാറന്റൈൻ

വിദേശത്ത് നിന്നെത്തുന്ന നഗരത്തിലെ പ്രവാസികൾക്ക് സൗജന്യമായി നഗരസഭ ക്വാറന്റൈൻ സൗകര്യമൊരുക്കും. മാടൻടയിലെ സ്വകാര്യ ആശുപത്രി ഇതിനായി ഏറ്റെടുത്ത് കഴിഞ്ഞു. ഹോസ്റ്റൽ ഉടമ തന്നെ ശുചീകരണവും അറ്റകുറ്റപ്പണിയും പൂർത്തിയാക്കിയാണ് ഹോസ്റ്റൽ കൈമാറിയത്. നഗരത്തിലെ ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സൗകര്യം എത്രയും പെട്ടെന്ന് ആയിരം കിടക്കകളാക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏറ്റെടുത്ത് വരികയാണ്.