കൊല്ലം: ഒറ്റപ്പെടുത്തലും കുത്തുവാക്കുകളും കഠിനം, കൊവിഡ് നെഗറ്റീവായ കുടുംബം പ്രതിസന്ധിയിൽ. കുണ്ടറ ആശുപത്രിമുക്ക് റേഡിയോ ജംഗ്ഷൻ സ്വദേശിയായ ഹർഷകുമാറിനും കുടുംബത്തിനുമാണ് കൊവിഡ് ബാധിതരെന്ന വ്യാജപ്രചാരണത്തിന്റെ അടിസ്ഥാനത്തിൽ സ്വന്തം നാട്ടുകാരിൽ നിന്ന് ദുരനുഭവം നേരിടേണ്ടി വന്നിരിക്കുന്നത്. ഈ മാസം പത്തിന് രാവിലെ വീടിന് സമീപത്ത് വച്ചുണ്ടായ വാഹനാപകടത്തിൽ ഹർഷകുമാറിന്റെ മകൾക്കും ഭാര്യയ്ക്കും പരിക്കേറ്റിരുന്നു. സമീപവാസികൾ ചേർന്ന് ഇരുവരെയും കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിവസങ്ങൾക്ക് ശേഷം ഇവർ ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിലെ രണ്ട് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 20ന് വൈകിട്ടോടെ വാർഡംഗം നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ഹർഷകുമാറിനെ ഫോണിൽ ബന്ധപ്പെട്ട് ആശുപത്രി ജീവനക്കാരുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവാണെന്നും നിരീക്ഷണത്തിൽ കഴിയേണ്ടതില്ലെന്നും അറിയിച്ചിരുന്നു. എന്നാൽ ഇപ്പോഴും തന്നെയും കുടുംബത്തെയും പുറത്തിറങ്ങാൻ നാട്ടുകാർ അനുവദിക്കുന്നില്ലെന്ന് കാട്ടിയാണ് ഹർഷകുമാർ ജില്ലാ കളക്ടർക്കും പൊലീസിനും പരാതി നൽകിയിരിക്കുന്നത്. കോശങ്ങളിൽ അണുബാധ ഉണ്ടായതിനെ തുടർന്ന് എട്ടുവർഷമായി ചികിത്സയിലാണ് ഹർഷകുമാർ. മാസം 8000 രൂപയോളം മരുന്നിന് മാത്രമായി വേണ്ടിവരും. മൂത്തമകളുടെ വിവാഹ ആവശ്യത്തിനായി സഹകരണ ബാങ്കിൽ നിന്നെടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ആകെയുള്ള അഞ്ച് സെന്റ് വസ്തുവും വീടും ജപ്തിയുടെ വക്കിലാണ്. കൊവിഡ് ബാധിതരെന്ന പ്രചാരണം വ്യാപകമായതോടെ ഹർഷകുമാറിന്റെ ഭാര്യയെ തൊഴിലുറപ്പ് ജോലിയിൽ പ്രവേശിപ്പിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. വീടിനോട് ചേർന്ന് ഹർഷകുമാർ നടത്തുന്ന കടയിൽ സാധനം വാങ്ങാൻ പോലും ആളുകൾ വരാതായതോടെ ഈ കുടുംബം പട്ടിണിയുടെയും ആത്മഹത്യയുടെയും വക്കിലാണ്. അതേ സമയം പരിശോധനാഫലം നെഗറ്റീവ് ആയതിനാൽ ഹർഷകുമാറിനും കുടുംബത്തിനും നിയന്ത്രണങ്ങൾ ഇല്ലെന്നും നിരീക്ഷണത്തിൽ കഴിയേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ വകുപ്പും പഞ്ചായത്ത് അധികൃതരും അറിയിച്ചു.