കൊല്ലം: സദ്യവിളമ്പിയവരൊക്കെ പിൻവാങ്ങി, ശാസ്താംകോട്ടയിലെ ചന്തക്കുരങ്ങുകൾ മുഴു പട്ടിണി, കുരങ്ങുകൾ സംഘം ചേർന്ന് നാട്ടിലിറങ്ങി മോഷണം തുടങ്ങിയതിന്റെ പൊല്ലാപ്പിലാണ് നാട്ടുകാർ. കൊവിഡിനെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ശാസ്താംകോട്ടയിലെ കുരങ്ങുകൾക്ക് ഭക്ഷണം വിളമ്പാൻ സംഘടനകൾ മത്സരിച്ചിരുന്നു. ഉണ്ട് നിറഞ്ഞതിന്റെ സന്തോഷത്തിൽ തീർത്തും ശാന്തരായിരുന്നു ചന്തക്കുരങ്ങുകൾ. ലോക്ക് ഡൗൺ പ്രഖ്യാപിച്ച ആദ്യനാളുകളിൽ ശരിക്കും ഇവിടത്തെ കുരങ്ങുകൾ അരപ്പട്ടിണിയിലായിരുന്നു. ദിവസം കഴിയും തോറും മുഴുപ്പട്ടിണിയിലേക്കായപ്പോഴാണ് അന്നം വിളമ്പാൻ പലരുമെത്തിയത്. എന്നാൽ ലോക്ക് ഡൗൺ പിൻവലിച്ചപ്പോൾ അന്നം ഊട്ടിയവർ പിൻവാങ്ങി. ഇപ്പോൾ കുരങ്ങുകൾ പഴയതിലും പട്ടിണിയിലെത്തി. വിശപ്പിന്റെ വിളിയെത്തിയതോടെ വീടുകളിലേക്ക് മോഷണത്തിന് കയറാൻ തുടങ്ങിയിരിക്കയാണിവർ. ഭക്ഷണ സാധനങ്ങളും കാർഷിക വിളകളുമൊക്കെ മോഷ്ടിക്കുകയാണ്. പൊറുതിമുട്ടിയ നാട്ടുകാർ പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചു.
അമ്പലക്കുരങ്ങുകൾക്ക് പട്ടിണിയില്ല
ശാസ്താംകോട്ടയിൽ ക്ഷേത്ര പരിസരത്തായി നൂറിൽപ്പരം കുരങ്ങുകളുണ്ട്. ഇവ അമ്പലക്കുരങ്ങുകളാണ്. പ്രവാസിയായ ശാസ്താംകോട്ട സ്വദേശി കന്നിലേഴികത്ത് ബാലചന്ദ്രൻ വർഷങ്ങൾക്ക് മുമ്പ് അമ്പലക്കുരങ്ങുകളുടെ ഭക്ഷണത്തിനായി അഞ്ചുലക്ഷം രൂപ ജില്ലാ സഹകരണ ബാങ്കിൽ ഫിക്‌സഡ് ഇട്ടിട്ടുണ്ട്. ഇതിന്റെ പലിശ ഉപയോഗിച്ച് നിത്യവും മൂന്നുനേരം പടച്ചോർ ഉൾപ്പെടെ അമ്പലക്കുരങ്ങുകൾക്ക് ഭക്ഷണം നൽകിവരുന്നുണ്ട്.
ക്ഷേത്രത്തിലേക്ക് ആളുകളുടെ വരവ് കുറഞ്ഞതിന്റെ ബുദ്ധിമുട്ടുകൾ അമ്പലക്കുരങ്ങുകൾക്കുണ്ടെങ്കിലും വിശപ്പിന്റെ വിളി അത്രകണ്ട് അറിഞ്ഞിട്ടില്ല.
ചന്തക്കുരങ്ങുകൾ
ക്ഷേത്രത്തിന് പുറത്തുള്ളവരാണ് ചന്തക്കുരങ്ങുകൾ. അവർക്ക് ക്ഷേത്ര പരിസരത്ത് പ്രവേശനമില്ല. കടകളിൽ നിന്നും പൊതു സ്ഥലങ്ങളിൽ നിന്നും വിദ്യാലയ പരിസരത്ത് നിന്നും ലഭിക്കുന്ന ആഹാരമാണ് ഇവർ കഴിക്കുക. സ്കൂൾ അടഞ്ഞതും ലോക്ക് ഡൗണിലൂടെ ടൗണിലേക്ക് ആളുകൾ വരാതായതും കടകമ്പോളങ്ങൾ അടഞ്ഞതുമെല്ലാം ചന്തക്കുരങ്ങുകളെ നന്നായി ബാധിച്ചു. രണ്ടാം ഘട്ട ലോക്ക്ഡൗൺ ആയപ്പോഴാണ് കൂടുതൽ പ്രതിസന്ധിയായത്.