photo

കൊല്ലം: "അച്ഛോ, എണീക്കച്ഛോ..." മൂന്നുവയസുകാരൻ എഡ്വിന്റെ വിളിയൊച്ചകൾ എഴുകോൺ ഇരുമ്പനങ്ങാട് വിഷ്ണുമന്ദിരം വീട്ടിലേക്കെത്തിയവരുടെ കാതുകൾക്ക് താങ്ങാവുന്നതായിരുന്നില്ല. ഉറങ്ങിക്കിടക്കുന്ന അച്ഛനെ വിളിച്ചുണർത്താൻ അവൻ ശ്രമിക്കുമ്പോഴെല്ലാം വിങ്ങിപ്പൊട്ടി നിന്നവരുടെ നിയന്ത്രണങ്ങൾ തെറ്റിയ്ക്കുകയായിരുന്നു. പോസ്റ്റുമോർട്ടമടക്കമുള്ള നടപടികൾ പൂർത്തിയാക്കി അനുജിത്തിന്റെ ചേതനയറ്റ ശരീരം കുളക്കടയിലെ പുതിയ വീട്ടിൽ കൊണ്ടുപോയ ശേഷമാണ് എഴുകോണിലെ വീട്ടിലേക്ക് കൊണ്ടുവന്നത്. അപ്പോഴാെക്കെ നിർവികാരതയോടെ നോക്കിനിന്നിരുന്നതാണ് എഡ്വിൻ. കട്ടിലിൽ വെള്ള പുതപ്പിച്ച് അനുജിത്തിനെ കിടത്തിയപ്പോഴാണ് അവൻ ഓടിയെത്തിയത്. കൊവിഡിന്റെ ദുരിത ദിനങ്ങൾ തുടങ്ങിയതിൽപ്പിന്നെ അച്ഛനെ കൺനിറയെ കാണാൻ എഡ്വിന് കിട്ടിയിരുന്നില്ല.

ജോലിയ്ക്കൊപ്പം ഫയർഫോഴ്സിന് വേണ്ടിയും മറ്റ് ജനോപകാര പ്രവർത്തനങ്ങൾക്ക് വേണ്ടിയും ഓടിനടക്കുന്നതിനിടയിൽ അനുജിത്തിന് മകനെ കൊഞ്ചിക്കാനും സമയം തികഞ്ഞിരുന്നില്ല. എങ്കിലും പലഹാരങ്ങളുമായി ഇടയ്ക്കൊക്കെ അനുജിത്ത് പൊന്നുമോന്റെ അരികിലേക്ക് ഓടിയെത്തും, തുരുതുരെ ഉമ്മവയ്ക്കും. മരണത്തെയും തോൽപ്പിച്ചിട്ട് അനുജിത്ത് അവിടെ വെള്ളപുതച്ച് കിടക്കുമ്പോൾ ഭാര്യ പ്രിൻസിയുടെ നിയന്ത്രണവും വിട്ടുപോയി. അവയവ ദാനത്തിന് മുൻകൈയെടുത്ത പ്രിൻസിയ്ക്ക് തന്റെ പ്രിയതമന്റെ ചേതനയറ്റ ശരീരം നോക്കിനിൽക്കാനുള്ള ശേഷിയുണ്ടായിരുന്നില്ല. കുറഞ്ഞകാലംകൊണ്ട് നിറയെ സ്നേഹം നൽകി പ്രിയതമന്റെ നെറുകയിൽ ചുംബനം നൽകി പിൻവാങ്ങിയപ്പോഴേക്കും പ്രിൻസി കുഴഞ്ഞുവീഴുകയായിരുന്നു.

അര മണിക്കൂർ നേരം മാത്രമാണ് വീട്ടുവളപ്പിൽ അനുജിത്തിനെ പൊതുദർശനത്തിന് വച്ചത്. ചിതയ്ക്ക് ആദ്യ തിരിനാളം പകർന്നതും എഡ്വിനായിരുന്നു. ചിരഞ്ജീവിയായി എട്ടുപേരിലൂടെ അനുജിത്ത് ജീവിക്കുമെന്ന അഭിമാനത്തോടെയാണ് ആദരാഞ്ജലികളർപ്പിക്കാനെത്തിയവരെല്ലാം ആശ്വാസംകൊണ്ടത്. മറ്റൊരു മരണത്തിലും നാട് ഇത്രത്തോളം വേദനിച്ചിട്ടുമുണ്ടാകില്ല.