കൊല്ലം: ജീവിതം വഴിമുട്ടി, സർക്കാരിന്റെ നിയമക്കുരുക്കും, ഒടുവിൽ അന്യസംസ്ഥാന കുടുംബം തിരികെ നാട്ടിലേക്ക് മടക്കയാത്രയ്ക്കൊരുങ്ങുന്നു. ഓച്ചിറ പായിക്കുഴി പവിത്ര ഭവനത്തിൽ തിരുപ്പതിയും കുടുംബവുമാണ് രോഗവും പട്ടിണിയും കാരണം നാട്ടിലേക്ക് മടങ്ങുന്നത്. മധുര സ്വദേശിയായ തിരുപ്പതി കേരളത്തിലെത്തിയിട്ട് ഇരുപത് വർഷമായി. കഴിഞ്ഞ ആറ് വർഷമായി ഭാര്യ പൂർണവും പത്തും എട്ടും വയസുള്ള രണ്ട് കുട്ടികളുമൊത്ത് ഓച്ചിറയിൽ സ്ഥിരതാമസമാണ്.
സ്വന്തമായുള്ള 10 സെന്റ് വസ്തുവിൽ പശു വളർത്തി പാൽ വീടുകളിലെത്തിച്ചു നൽകിയായിരുന്നു കുടുംബം ജീവിച്ചത്. കിഡ്നി രോഗത്തിന് ചികിത്സയിലിരിക്കെ തിരുപ്പതിക്ക് ആറു മാസം മുമ്പ് പശുവിന്റെ കുത്തേറ്റിരുന്നു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കൊളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പരിസര മലിനീകരണം ആരോപിച്ച് അയൽവാസി നൽകിയ പരാതിയാണ് തിരുപ്പതിയുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയത്. പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശാനുസരണം പശുവിന്റെ മൂത്രവും കുളിപ്പിക്കുന്ന വെള്ളവും അടുത്ത പുരയിടത്തിൽ ഉടമസ്ഥന്റെ അനുവാദത്തോടെ കുഴൽ വഴി ഒഴുക്കി വിട്ടു. അടുത്തത് പഞ്ചായത്ത് സെക്രട്ടറിയുടെ ഉൗഴമായിരുന്നു. മലിന ജലം കുഴൽ വഴി അടുത്ത പുരയിടത്തിലേക്ക് ഒഴുക്കി വിടുന്നതിനെതിരെ പഞ്ചായത്ത് രാജ് ആക്ടിലെ പരിസര മലീനീകരണച്ചട്ടങ്ങൾ ചൂണ്ടിക്കാട്ടി പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകി. ഉദ്യോഗസ്ഥരുടെ നിയമനടപടി ഭയന്ന തിരുപ്പതിയും കുടുംബവും കഴിഞ്ഞ ദിവസം ഉണ്ടായിരുന്ന നാല് പശുക്കളെയും വിറ്റു. ചികിത്സ തുടരാൻ മാർഗമില്ലാതെ ജീവിതം വഴി മുട്ടിയതോടെയാണ് കുടുംബം സ്വദേശത്തേക്ക് തിരികെ മടങ്ങാൻ തീരുമാനിച്ചത്.