photo

കൊല്ലം: നടൻ സത്യനെ പൂജാമുറിയിൽ ദൈവങ്ങൾക്കൊപ്പമിരുത്തിയ ആരാധകനാണ് വിജയബാബു. സത്യന്റെ ഒരു സിനിമയെങ്കിലും ദിവസവും കണ്ടെങ്കിലേ ഈ ആരാധകന് ഉറങ്ങാൻ കഴിയൂ! പതിറ്റാണ്ടുകളായി തുടരുന്ന ഈ ദിനചര്യ മുടങ്ങിയത് അപൂർവ്വ ഘട്ടങ്ങളിൽ മാത്രം. സത്യൻ സിനിമകളുടെ എൺപത് സി.ഡികൾ ശേഖരത്തിലുണ്ട്. ബാക്കി ചിത്രങ്ങൾ കാസറ്റുകളിലായിരുന്നു. അതെല്ലാം നശിച്ചു. ഓരോ സിനിമകളുടെയും വിശേഷങ്ങളുമായി സിനിമാ മാസികകളിലും പത്രങ്ങളിലും പോസ്റ്ററുകളിലും വരുന്ന കുറിപ്പുകളും ചിത്രങ്ങളും വെട്ടിയെടുത്ത് പത്ത് ആൽബങ്ങളിലാക്കി സൂക്ഷിക്കുന്നുണ്ട്.

ഇന്നലെ കേരളകൗമുദിയുടെ വാരാന്തപതിപ്പിലെ ഒന്നാം പുറം ഒട്ടിച്ച് പുതിയ ആൽബമൊരുക്കലും തുടങ്ങി. കൊട്ടാരക്കര തേവലപ്പുറം വിജയമന്ദിരത്തിൽ (കെട്ടിടത്തിൽ) കെ.വിജയബാബു(70) ജീവിതത്തിൽ ആദ്യമായി കണ്ടതും സത്യന്റെ 'നീലക്കുയിൽ' എന്ന ചിത്രമായിരുന്നു. അഞ്ച് വയസുകാരന്റെ മനസിൽ സത്യൻ അന്നേ ചേക്കേറി. പ്രീഡിഗ്രി പഠനകാലം മുതൽ സത്യന്റെ സിനിമകൾ തേടി കൊട്ടകകൾ കയറിയിറങ്ങി. വല്ലാത്തൊരു ആരാധന തുടങ്ങിയ ആ കാലത്ത് സത്യനെ നേരിൽ കാണാനുള്ള ഭാഗ്യവുമുണ്ടായി. കൊല്ലത്തെ സിനിമാ കൊട്ടകയിൽ നിന്നും 'ഓടയിൽ നിന്ന്' കണ്ടിട്ടിറങ്ങി അന്നുതന്നെ അടുത്ത കൊട്ടകയിൽ കയറി 'കടത്തുകാരനും' കണ്ടു.

വീട്ടിലേക്ക് മടങ്ങാൻ ചിന്നക്കട ജംഗ്ഷനിലെത്തിയപ്പോൾ തട്ടുകടയിൽ നിന്നും ചായകുടിച്ചശേഷം സത്യൻ ഫിയറ്റ് കാറിലേക്ക് കയറുന്നു. കൈലിയും ബനിയനുമാണ് വേണം, തലയിലൊരു കെട്ടുമുണ്ട്. ഓടി അടുത്തെത്തിയപ്പോഴേക്കും കാർ വിട്ടുപോയി. സത്യനാണ് ചായകുടിച്ച് മടങ്ങിയതെന്ന് അപ്പോഴാണ് കടയുടമ ഉൾപ്പടെ അറിഞ്ഞതും. കെ.എസ്.ആർ.ടി.സിയിൽ ക്ളാർക്കായിരുന്ന വിജയബാബു 2002ൽ വിരമിച്ചപ്പോൾ അടുത്ത സുഹൃത്തുക്കൾ നൽകിയ ഉപഹാരം സത്യന്റെ ചിത്രമായിരുന്നു. ആരാധന ആത്മബന്ധമായി. തിരുവനന്തപുരം തൃക്കണ്ണാപുരം സ്വദേശി സത്യനേശനെന്ന വെള്ളിത്തിരയിലെ സത്യനോട് ആരാധന മാത്രമായിരുന്നില്ല വിജയബാബുവിന്, വീട്ടിൽ പൂജാമുറിയിൽ സത്യൻചിത്രത്തിനാണ് പ്രഥമ സ്ഥാനം. ഉള്ളറിഞ്ഞുള്ള ഈ താരസ്നേഹം സത്യന്റെ മക്കളായ പ്രകാശിനും സതീഷിനും ജീവനും നന്നായി അറിയാമായിരുന്നു. മൂത്തയാളായ പ്രകാശുമായിട്ടായിരുന്നു വലിയ ആത്മബന്ധം. മറ്റ് രണ്ടുപേരും വിജയബാബുവിന്റെ വീട്ടിലും എത്തിയിട്ടുണ്ട്. മൂവരുമായി ഫോണിൽ മിക്കപ്പോഴും വിളിച്ച് വിശേഷങ്ങൾ തിരക്കാറുമുണ്ട്. വിജയബാബുവിന്റെ ഭാര്യ ശ്യാമള ഏഴ് വർഷം മുൻപ് മരിച്ചപ്പോഴും സതീഷും ജീവനും വന്നിരുന്നു. സത്യനുമായി ബന്ധപ്പെട്ട ചടങ്ങുകൾ എവിടെയുണ്ടെന്നറിഞ്ഞാലും സദസിൽ വിജയബാബുവിന്റെ സാന്നിദ്ധ്യമുണ്ടാകും. "ഞാനൊരു സിനിമാ പ്രേമി അല്ല, സത്യന്റെ പടങ്ങൾ മാത്രമേ കാണാറുള്ളൂ. എന്നും ഒരു ചിത്രമെങ്കിലും കാണാറുമുണ്ട്.. ഇപ്പോൾ ഏകാന്തവാസത്തിലായതിനാൽ കഥാപാത്രങ്ങൾ എപ്പോഴും കൺമുന്നിലുണ്ടാകും. മിമിക്രിക്കാർ സത്യനെ അനുകരിക്കുന്നത് ഇഷ്ടമല്ല"- വിജയബാബു പറഞ്ഞു.