covid

 ആരോഗ്യവകുപ്പിന് കളക്ടറുടെ നിർദ്ദേശം

കൊല്ലം: കൊവിഡ് വ്യാപന മേഖലകളിൽ കൂടുതൽ പരിശോധന നടത്താൻ ആരോഗ്യ വകുപ്പിന് കളക്ടർ ബി.അബ്ദുൽ നാസർ നിർദേശം നൽകി. മൊബൈൽ യൂണിറ്റുകൾ, വിസ്കുകൾ എന്നിവ പരമാവധി ഉപയോഗിക്കണമെന്നാണ് ജില്ലാ മെഡിക്കൽ ഓഫീസർക്ക് നൽകിയ നിർദേശം. കൊവിഡ് രോഗികളുടെ എണ്ണം വൻ തോതിൽ ഉയർന്ന കൊട്ടാരക്കര, ഉമ്മന്നൂർ, ചടയമംഗലം, ശാസ്‌താംകോട്ട, ആലപ്പാട്, നിലമേൽ, വെളിനല്ലൂർ എന്നിവിടങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്താനും നിർദേശം നൽകി. ഇത്തരം മേഖലകളിൽ രോഗ ബാധിതരുടെ എണ്ണം ഉയർന്നത് ജനങ്ങളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. സമൂഹ വ്യാപന സാദ്ധ്യതയുണ്ടോയെന്ന് പരിശോധിക്കാൻ രോഗ വ്യാപന മേഖലകളിലെ കൂടുതൽ പേരെ കൊവിഡ് ടെസ്റ്റിന് വിധേയരാക്കിയേ മതിയാകൂ.

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും തരത്തിൽ സമ്പർക്കം പുലർത്തിയ എല്ലാവരെയും ആന്റിജൻ പരിശോധനകൾക്ക് വിധേയമാക്കാനാണ് ശ്രമം. പക്ഷേ രോഗ വ്യാപനമുണ്ടായ ശാസ്താംകോട്ടയിൽ പല ദിവസങ്ങളിലും ടെസ്റ്റ് നടത്താൻ കിറ്റ് ലഭിക്കാതിരുന്നത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ആന്റിജൻ ടെസ്റ്റിൽ പങ്കെടുക്കണമെന്ന ആവശ്യവുമായി പ്രദേശ വാസികളായ നൂറ് കണക്കിന് പേരാണ് ഹെൽത്ത് ഇൻസ്പെക്ടർമാരെ ബന്ധപ്പെട്ടത്.

സമ്പർക്ക രോഗികളുടെ എണ്ണം നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ജില്ലയിലെ പകുതിയിലേറെ തദ്ദേശ സ്ഥാപനങ്ങൾ കണ്ടെയ്മെന്റ് സോൺ നിയന്ത്രണങ്ങളിലാണ്. ജില്ലയിലെ എല്ലാ ചന്തകളും മത്സ്യ ബന്ധന ഹാർബറുകളും അടഞ്ഞ് കിടക്കുയാണ്. വള്ളങ്ങൾ കടലിൽ ഇറക്കിയാൽ പിടിച്ചെടുക്കുമെന്ന ഉത്തരവിൽ മാറ്റം വരുത്തിയിട്ടില്ല. സമ്പർക്ക രോഗികളുടെ എണ്ണം ഇതേ നിരക്കിൽ കുത്തനെ വർദ്ധിച്ചാൽ വരും ദിനങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ജില്ലയിലുണ്ടാകും. ഒരു പക്ഷേ, ജില്ല പൂർണമായി അടച്ചിടുന്ന സാഹചര്യവും ഉണ്ടായേക്കാം.