ക്ളസ്റ്ററുകളായി ചങ്ങലക്കെട്ടൊരുക്കി തീരദേശവും മലയോരവും
കൊല്ലം: കൊവിഡിനെതിരെ പ്രതിരോധത്തിന്റെ ചങ്ങലക്കെട്ടാരുക്കി തീരദേശം. പത്ത് മുതൽ 15 വരെയുള്ള വീടുകൾ ഉൾപ്പെടുത്തി ക്ലസ്റ്ററുകൾ രൂപീകരിച്ച് തുടങ്ങി. പൊലീസ്, റവന്യൂ, ഫിഷറീസ് ഉദ്യോഗസ്ഥർക്ക് പുറമേ ജനപ്രതിനിധികളും അടങ്ങുന്ന സംഘത്തിനാണ് ക്ലസ്റ്ററുകളുടെ മേൽനോട്ട ചുമതല.
പുറത്ത് നിന്ന് തീരത്തേക്ക് അളെത്തുന്നത് തടയുകയും പരസ്പര സമ്പർക്കം ഒഴിവാക്കുകയുമാണ് ക്ലസ്റ്ററുകളുടെ ലക്ഷ്യം. ഓരോ ക്ലസ്റ്ററിലും ഉൾപ്പെടുന്ന ചെറുപ്പക്കാർക്കാണ് ഏകോപന ചുമതല. മത്സ്യബന്ധനം നിരോധിച്ചതോടെ തീരദേശത്തെ പുരുഷന്മാർ സമയം പോക്കാൻ പലയിടങ്ങളിലും വ്യാപകമായി കൂട്ടംകൂടിയിരിക്കുന്നുണ്ട്. ഇത്തരക്കാരെ കേന്ദ്രീകരിച്ച് സാമൂഹ്യ അകലം സംബന്ധിച്ച് ബോധവത്കരണം ആരംഭിച്ചു. പൊലീസ്, റവന്യൂ ഉദ്യോഗസ്ഥർ ഓരോ ദിവസവും ക്ലസ്റ്റർ കോ- ഓർഡിനേറ്റർമാരെ ബന്ധപ്പെട്ട് സ്ഥിതി വിലയിരുത്തുന്നുണ്ട്.
മറ്റ് പ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമായി തീരമേഖലയിൽ ജനങ്ങൾ തിങ്ങിക്കൂടിയാണ് താമസിക്കുന്നത്. പുരുഷന്മാരെപ്പോലെ തന്നെ പ്രദേശത്തെ സ്ത്രീകളും കൂട്ടം ചേരാറുണ്ട്. അതുകൊണ്ട് തന്നെ തീരത്ത് ഒരാൾക്ക് കൊവിഡ് ബാധിച്ചാൽ കാട്ടുതീ പോലെ പടരും. ഇതിന് പുറമേ കുളച്ചൽ, കന്യാകുമാരി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് മത്സ്യത്തൊഴിലാളികൾ തീരത്തെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലെത്തി പാർക്കാനും തുടങ്ങിയിരുന്നു. കൊവിഡ് നിയന്ത്രണ വിധേയമാകുന്നത് വരെ പുറത്ത് നിന്നുള്ളവരെ തീരത്ത് തങ്ങാൻ അനുവദിക്കില്ല.
മത്സ്യബന്ധന നിരോധനം നീളും
ഈ മാസം 6ന് ജില്ലയിൽ നിലവിൽ വന്ന മത്സ്യബന്ധന നിരോധനം ഇനിയും ദിവസങ്ങൾ നീളും. ട്രോളിംഗ് നിരോധന കലാവധി അവസാനിച്ചാലും മത്സ്യബന്ധനത്തിന് വീണ്ടും കാത്തിരിക്കേണ്ടി വരുമെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. മത്സ്യബന്ധനം ഇല്ലാത്തതിനാൽ അന്യസംസ്ഥാന തൊഴിലാളികളുടെ വരവ് തീരദേശത്ത് കുറഞ്ഞിട്ടുണ്ട്. പുനരാരംഭിച്ചാൽ നേരിട്ട് വള്ളങ്ങളിൽ എത്തുന്നതിന് പുറമേ തമിഴ്നാട്ടിൽ നിന്നെത്തി കടലിൽ വച്ച് വള്ളങ്ങളിൽ നിന്ന് ബോട്ടുകളിൽ കയറാനുള്ള സാദ്ധ്യതയുണ്ട്.
മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും പട്ടിണിയുടെ വക്കിലാണ്. കാര്യമായ സമ്പാദ്യങ്ങളിലാത്ത ഇക്കൂട്ടർക്ക് മറ്റ് തൊഴിലുകളും വശമില്ല. വരും ദിവസങ്ങളിൽ തീരദേശവാസികളുടെ സ്ഥിതി കൂടുതൽ ദയനീയമാകും.
കിഴക്കൻ മേഖലയും ക്ളസ്റ്ററുകളാക്കും
രോഗ വ്യാപന സാദ്ധ്യതയുള്ള കിഴക്കൻ മേഖലയിലും തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിലും ക്ലസ്റ്റർ മാതൃക നടപ്പാക്കും. പ്രദേശത്തിന്റെ സ്വഭാവം അനുസരിച്ച് പത്ത് അല്ലെങ്കിൽ പതിനഞ്ച് വീടുകൾ ഉൾപ്പെടുത്തിയാണ് ക്ലസ്റ്ററുകൾ രൂപീകരിക്കുക. രോഗ വ്യാപനം വലിയ തോതിൽ ഉയരുന്നതിനാൽ ശാസ്ത്രീയ പ്രതിരോധ സംവിധാനങ്ങൾക്ക് ഊന്നൽ നൽകുകയാണ്. അടിയന്തര സാഹചര്യങ്ങളിലേക്ക് നീങ്ങുകയും പൂണ്ണമായി അടച്ചിടേണ്ടിയും വന്നാൽ ഭക്ഷ്യ ധാന്യങ്ങളുടെ ക്ഷാമം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ ജില്ലാ ഭരണകൂടം സ്വീകരിക്കുന്നുണ്ട്.
ക്ലസ്റ്ററുകൾ എന്തിന്?
1. കൊവിഡ് പ്രതിരോധവും ബോധവത്കരണവും
2. നിശ്ചിത എണ്ണം വീടുകൾ ഉൾപ്പെടുത്തിയാകും ക്ലസ്റ്ററുകൾ
3. നിരീക്ഷണം പൊലീസ് കൂടി ഉൾപ്പെടുന്ന വാർഡ് തല സമിതികൾക്ക്
4. കടകൾ കേന്ദ്രീകരിച്ച് ഡോർ ടു ഡോർ ആപ്പുകൾ
5. പുറത്തുനിന്ന് ആരും എത്തുന്നില്ലെന്ന് ഉറപ്പാക്കും
മത്സ്യബന്ധനം
നിരോധിച്ചിട്ട്: 18 ദിവസം
''
വരാൻ പോകുന്ന അസാധാരണ സാഹചര്യങ്ങളെ നേരിടാൻ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തണമെന്ന് കൃഷി, മൃഗ സംരക്ഷണ വകുപ്പുകൾക്ക് നിർദ്ദേശം നൽകി.
ജില്ലാ ഭരണകൂടം