
 നിയന്ത്രണങ്ങളിൽ മറ്റ് രോഗികൾ വലയുന്നു
കൊല്ലം: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ആശുപത്രികളിലും നിരത്തിലും നിയന്ത്രണങ്ങൾ കർക്കശമാക്കിയതോടെ വലയുന്നത് ചികിത്സയിൽ കഴിയുന്ന മറ്റ് രോഗികൾ. പാരിപ്പള്ളി മെഡിക്കൽ കോളേജും കൊല്ലം ജില്ലാ ആശുപത്രിയും കൊവിഡ് ആശുപത്രികളാക്കി യപ്പോൾ മറ്റ് രോഗങ്ങൾക്ക് ചികിത്സ തേടിയിരുന്നവരാണ് ബുദ്ധിമുട്ടിലായത്.
ജില്ലയിലെ താലൂക്ക് ആശുപത്രികളിൽ സൗകര്യങ്ങൾ കുറവായതാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. സമാന അവസ്ഥയിലാണ് സ്വകാര്യ ആശുപത്രികളും. കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്ന് ചികിത്സ തേടിയെത്തുന്നവരെ ഭൂരിപക്ഷം ആശുപത്രികളും സുരക്ഷാ കാരണങ്ങളാൽ പ്രവേശിപ്പിക്കുന്നില്ല. ഇത്തരക്കാർക്ക് പ്രത്യേക ഒ.പി സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും ഫലപ്രദമല്ല.
പ്രത്യേക ഒ.പികളിൽ ഡോക്ടർ എത്തുമെങ്കിലും സ്കാനിംഗ്, ഇ.സി.ജി, എക്സ്റേ ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തുന്നതിന് തടസമുണ്ട്. കണ്ടെയ്മെന്റ് സോണുകളിലെ രോഗികൾക്ക് ഇത്തരം പരിശോധനകൾ ആവശ്യമായി വന്നാൽ ആശുപത്രികൾക്ക് പുറത്തെ സ്വകാര്യ പരിശോധനാ കേന്ദ്രങ്ങളിലേക്ക് അയയ്ക്കുകയാണ്.
സ്വകാര്യ ലാബുകളും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ സാധാരണ രോഗികളാണ് ബുദ്ധിമുട്ടിലായത്. കണ്ടെയ്മെന്റ് സോണുകളിലുള്ളവർക്ക് ആശുപത്രികളിൽ എല്ലാ പരിശോധനകളും നടത്തില്ലെന്ന് മുൻകൂട്ടി അറിച്ചതിനാൽ തെറ്റായ മേൽവിലാസം നൽകി ചികിത്സ തേടുന്നതും കൊവിഡ് വ്യാപനത്തിന് വഴിയൊരുക്കും.
സ്ഥിതി അതീവ ഗുരുതരം
കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചാൽ ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്ന ആർക്കും മെച്ചപ്പെട്ട ചികിത്സ ലഭിക്കാതെ വന്നേക്കാം. കൊവിഡ് രോഗികൾക്ക് മാത്രമല്ല, രോഗം ബാധിക്കുന്ന ഒരാൾക്കും പരിഗണന നൽകാൻ കഴിയാത്ത സാഹചര്യമുണ്ടാകും. ജില്ലയിലെ ആരോഗ്യ സംവിധാനങ്ങൾ പരിമിതമാണ്. അതിന് ഉൾക്കൊള്ളാൻ കഴിയാത്ത തരത്തിൽ രോഗ ബാധയുണ്ടായാൽ കാര്യങ്ങൾ കൈവിട്ട് പോകും. ശ്വാസ തടസം അനുഭവപ്പെട്ടും കുഴഞ്ഞുവീണും കഴിഞ്ഞ ദിവസം മരിച്ച രണ്ടുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
മാനസിക പിരിമുറുക്കം കൂടുന്നു
1. ചെറിയ പനി ലക്ഷണങ്ങൾ പോലും കൊവിഡാണെന്ന് തെറ്റിദ്ധരിക്കുന്നു
2. മറ്റ് രോഗികൾക്ക് ആശുപത്രികളിൽ പോകാൻ കഴിയുമോയെന്ന് ആശങ്ക
3. കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണങ്ങളുടെ ഭാഗമായി വഴിയിൽ തടയുന്നില്ലെന്ന് ഉറപ്പാക്കണം 4. ഡയാലിസിസ്, കീമോ തെറാപ്പി തുടങ്ങിയവ ചെയ്യുന്നവരും കുടുംബാംഗങ്ങളും ആശങ്കയിൽ
5. ചികിത്സ ഉറപ്പാക്കാൻ ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധ വേണം
''
തുടർച്ചയായി ചികിത്സ വേണ്ടി വരുന്ന മറ്റ് രോഗികൾക്ക് കൃത്യമായി ആരോഗ്യ പരിചരണം ഉറപ്പാക്കാനാകണം.
കെ.ശ്യാം, കൊല്ലം