ജില്ലയുടെ സ്ഥിതി ഗുരുതരം
കൊല്ലം: സമൂഹവ്യാപനത്തിന്റെ പടിവാതിലിൽ നിൽക്കുന്ന ജില്ലയിലേക്ക് അന്യസംസ്ഥാന തൊഴിലാളികളുടെ മടങ്ങിവരവ് ആശങ്ക കനപ്പിക്കുന്നു. ഇതോടെ തലസ്ഥാന ജില്ലയ്ക്കൊപ്പം കൊല്ലത്തെ തീരദേശമേഖലയും ഭീതിയുടെ നിഴലിലാണ്.
പരമ്പരാഗത മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന കരുനാഗപ്പള്ളി താലൂക്കിലെ പണ്ടാരത്തുരുത്തിൽ സമ്പർക്കത്തിലൂടെ നിരവധി കുടുംബങ്ങൾ കൊവിഡിനിരയായതിന് പിന്നാലെ കുളച്ചലിൽ നിന്നെത്തിയ മത്സ്യത്തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതും തീരദേശത്തെ അങ്കലാപ്പിലാക്കിയിട്ടുണ്ട്.
ട്രോളിംഗ് നിരോധനം അവസാനിക്കാൻ ദിവസങ്ങൾ ശേഷിക്കെ തമിഴ്നാട്ടിലെ തീവ്ര രോഗബാധിത പ്രദേശങ്ങളിൽ നിന്ന് ബോട്ടുകളിൽ പണിയെടുക്കുന്ന മത്സ്യത്തൊഴിലാളികൾ ഒറ്റയ്ക്കും കൂട്ടമായുമെത്താൻ സാദ്ധ്യതയേറെയാണ്. പൊലീസ്, ലേബർ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ പരിശോധനയും ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ച കുളച്ചൽ സ്വദേശികളൊന്നും ജില്ലാ ഭരണകൂടത്തിന്റെ കണക്കിലില്ലാത്തവരാണെന്നത് സ്ഥിതി ഗുരുതമാക്കുന്നു. വിദേശരാജ്യങ്ങളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും മലയാളികൾ കൂട്ടത്തോടെ മടങ്ങിവന്നതോടെ ആരോഗ്യവകുപ്പും തദ്ദേശ സ്ഥാപനങ്ങളും ഇവരുടെ ക്വാറന്റൈൻ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചതാണ് ഭായിമാരുടെ കാര്യത്തിൽ കണക്ക് പിഴച്ചത്. ലേബർ വകുപ്പ് തൊഴിലിടങ്ങളിൽ പരിശോധന നടത്തിയെങ്കിലും മടങ്ങിവന്നവരെ സംബന്ധിച്ച ക്രോഡീകരിച്ച വിവരം ശേഖരിക്കാനായിട്ടില്ല.
കടുപ്പിച്ചില്ലേൽ നിയന്ത്രണം കൈവിടും
ആഴ്ചകളായി കൊവിഡ് ബാധിതരുടെ എണ്ണം ഓരോ ദിവസവും വർദ്ധിക്കുകയാണ്. ഉറവിടമറിയാത്തതും സമ്പർക്ക വ്യാപനത്തിന്റെയും തോത് ഉയർന്നതോടെ നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.
ജില്ലയുടെ മൂന്നിൽ രണ്ട് ഭാഗവും കണ്ടെയ്ൻമെന്റ് സോണുകളായി തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കാത്ത പക്ഷം കാര്യങ്ങൾ കൈവിട്ടുപോകുമെന്ന സൂചനയാണ് ഉദ്യോഗസ്ഥരും നൽകുന്നത്. തീവ്രരോഗ ബാധിതമേഖലകളിലെല്ലാം ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ കർശനമാക്കാനും മറ്റ് സ്ഥലങ്ങളിലേക്ക് കൂടി നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുമാണ് ജില്ലാ ഭരണകൂടം ആലോചിക്കുന്നത്.
ഇതോടൊപ്പം പൊലീസ് പരിശോധനയും കടുപ്പിച്ചേക്കും. ലോക്ക് ഡൗണിനെ തുടർന്ന് അടച്ചിട്ട തീരദേശത്തെ കണ്ടെയ്ൻമെന്റ് സോണുകളിൽ സൗജന്യ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യാനും മത്സ്യതൊഴിലാളി സമ്പാദ്യസമാശ്വാസ പദ്ധതിയിൽ നിന്നുള്ള രണ്ടാംഗഡു ആനുകൂല്യവും പദ്ധതിയിൽ അംഗങ്ങളായ മുഴുവൻ കുടുംബങ്ങൾക്കും ലഭ്യമാക്കാനും കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായിട്ടുണ്ട്.