പരിശോധന വ്യാപകം
കൊല്ലം: ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ കൊല്ലത്തെത്തിച്ച മൊബൈൽ ഫുഡ് സേഫ്ടി ലാബ് പ്രവർത്തനം തുടങ്ങി. കൊല്ലം നഗരം, ചാത്തന്നൂർ, പാരിപ്പള്ളി മേഖലകളിൽ കഴിഞ്ഞദിവസം മൊബൈൽ ലാബെത്തി കടകളിൽ നിന്നും വാഹനങ്ങളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചു.
പാൽ, എണ്ണ, വെള്ളം എന്നിവയിലെ മായമാണ് കഴിഞ്ഞ ദിവസങ്ങളിൽ പരിശോധിച്ചത്. ചിന്നക്കടയിൽ ബേക്കറികൾ, തട്ടുകടകൾ, ജ്യൂസ് പാർലറുകൾ തുടങ്ങിയ കടകളിൽ നിന്ന് അൻപതോളം സാമ്പിളുകൾ ശേഖരിച്ചു.
ചെക്ക് പോസ്റ്റ് കേന്ദ്രീകരിച്ചുള്ള പരിശോധനകൾ വരും ദിവസങ്ങളിൽ ശക്തമാക്കും. പത്ത് ദിവസം മുമ്പാണ് മൊബൈൽ ഫുഡ് സേഫ്ടി ലാബ് തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തെത്തിച്ചത്. അരമണിക്കൂറിനകം സാമ്പിളുകളുടെ ഫലം അറിയാമെന്നതിനാൽ മായം കലർത്തുന്നവരെ കൈയോടെ പിടികൂടാനാകുമെന്നതാണ് നേട്ടം.
''
കൊല്ലം, ചാത്തന്നൂർ, പാരിപ്പള്ളി ഭാഗങ്ങളിൽ പരിശോധന നടത്തിയെങ്കിലും മായം കലർന്ന പാലോ എണ്ണയോ കുടിവെള്ളമോ കണ്ടെത്താനായിട്ടില്ല.
ദിലീപ്
ഭക്ഷ്യ സുരക്ഷാ അസി.കമ്മിഷണർ, കൊല്ലം