snake-festival

ഇറ്റലിയിലെ കൊക്കുല്ലോ ഗ്രാമത്തിലെ പാമ്പുത്സവം വ്യത്യസ്തവും വിചിത്രവുമായ ഒരാഘോഷമാണ്. സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടക്കം നൂറുകണക്കിനാളുകൾ ജീവനുള്ള പാമ്പുകളെയും പിടിച്ചുകൊണ്ട് തെരുവിലേക്കിറങ്ങുന്ന സ്‌നേക്ക് ഫെസ്റ്റിവൽ കാണാൻ വലിയൊരു ജനക്കൂട്ടം തന്നെയുണ്ടാകും. കാണുന്നവർക്ക് പേടിതോന്നുമെങ്കിലും അവിടത്തുകാർക്ക് ഒരു കൂസലുമില്ല.

എല്ലാവർഷവും മേയ് ആദ്യം നടക്കുന്ന ഈ ഉത്സവം കൊക്കുല്ലോ ഗ്രാമവാസികൾക്ക് വളരെ പ്രധാനപ്പെട്ടതും പ്രിയപ്പെട്ടതുമാണ്. എല്ലാ വർഷങ്ങളും മുടങ്ങാതെ ഉത്സവം നടത്തുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. കൊക്കുല്ലയിൽ ഭൂകമ്പം ഉണ്ടായതിനെത്തുടർന്ന് 2009 ൽ മാത്രമാണ് ആഘോഷം നടക്കാതിരുന്നത്.

സെയിന്റ് ഡൊമനിക്കോ എന്ന പുരോഹിതന്റെ ഓർമ്മയ്ക്കായി എല്ലാ വർഷവും നടത്തുന്ന ആഘോഷമാണിത്. പുരോഹിതനായ ഡൊമനിക്കോ ജീവിച്ചിരുന്ന കാലം. അന്ന്, പാമ്പുകൾ വളരെയധികമുണ്ടായിരുന്ന സ്ഥലമാണ് കൊക്കുല്ലോ. പാമ്പു കടിയേറ്റുണ്ടാകുന്ന മരണങ്ങളും നിരവധിയായിരുന്നു. അന്ന് പാമ്പ് കടിയേൽക്കുന്നവരെ ചികിത്സിച്ചിരുന്നത് പുരോഹിതനായ ഡൊമനിക്കാണ്. അതിൽ ഏറെ വിദഗ്ധനായിരുന്നു അദ്ദേഹം. അതിനാൽ, അദ്ദേഹത്തോട് വളരെയധികം ആദരവ് കാത്തുസൂക്ഷിച്ചവരായിരുന്നു കൊക്കുല്ലോക്കാർ. അതുപോലെ, ആ നാട്ടിലെ കർഷകർക്ക് പാമ്പിന്റെ ശല്യം കാരണം ദുരിതം നേരിട്ടപ്പോൾ ഡൊമനികോ പുരോഹിതൻ ആ സ്ഥലത്തുനിന്നും പാമ്പുകളെയെല്ലാം ഒഴിപ്പിച്ചുവെന്നും കർഷകർക്ക് ധൈര്യത്തോടെ ജോലി ചെയ്യാനായി എന്നും ഒരു മിത്ത് കൂടിയുണ്ട്. ആ ബഹുമാനാർത്ഥം കൂടിയാണത്രെ ഇങ്ങനെയൊരു ആഘോഷം സംഘടിപ്പിക്കുന്നത്. അതിന്റെ ഓർമ്മയിലാണ് സാൻ ഡൊമനിക്കിന്റെ പേരിൽ ഇങ്ങനെയൊരു ചടങ്ങ് എല്ലാ വർഷവും അവിടെ നടത്തുന്നത്. സെയിന്റ് ഡൊമനിക്കിന്റെ പ്രതിമയ്ക്ക് ചുറ്റും ജീവനുള്ള പാമ്പുകളെ വച്ച് അതുമായാണ് ഗ്രാമത്തിലെ തെരുവുകളിലൂടെ ആളുകൾ നടക്കുന്നത്.

എന്നാൽ, വിഷമില്ലാത്ത പാമ്പുകളെയാണ് ഇങ്ങനെ പ്രതിമയിൽ പൊതിഞ്ഞിരിക്കുന്നത് എന്നാണ് പറയുന്നത്. ഏതായാലും ആഘോഷങ്ങൾക്ക് ശേഷം പിന്നീട്, ആ പാമ്പുകളെ കാട്ടിലേക്ക് തന്നെ കൊണ്ടുപോയി വിടുകയും ചെയ്യും.