കൊല്ലം: കല്ലട ജലസേചന പദ്ധതിയുടെ കീഴിൽ വരുന്ന തഴവ, കുലശേഖരപുരം, ചവറ, കൊട്ടുകാട്, കോവിൽത്തോട്ടം കനാലുകൾ മാലിന്യവാഹിനിയാകുന്നു. നിർമ്മാണത്തിലെ അശാസ്ത്രീയത മൂലം വേനൽക്കാലത്ത് പോലും വിരളമായേ ഇതിലൂടെ വെള്ളം ഒഴുകാറുള്ളൂ. ലോകബാങ്കിൽ നിന്നുള്ള ധനസഹായം നിലച്ചതിനാൽ ഏതാനും വർഷങ്ങളായി കനാലിന്റെ അറ്റകുറ്റപ്പണികളോ മാലിന്യം നീക്കംചെയ്യലോ നടക്കുന്നില്ല. വർഷങ്ങളായി മാലിന്യം അടിഞ്ഞുകൂടുന്നതിന് പുറമേ കനാലിൽ മഴവെള്ളം കൂടി കെട്ടി നിൽക്കാൻ തുടങ്ങിയതോടെ കൊതുകിന്റെ ശല്യവും വ്യാപകമാണ്. കോടികളുടെ അഴിമതി ആരോപണം നേരിട്ട പദ്ധതിയായിരുന്നു ഇത്. നിർമ്മാണം പൂർത്തിയായി വർഷങ്ങൾക്കകം തന്നെ കനാൽ പല സ്ഥലങ്ങളിലും തകർന്നു. പാർശ്വഭിത്തികളുടെ കോൺക്രീറ്ര് പൊളിഞ്ഞ് കൂറ്റൻ വിടവുകൾ രൂപപ്പെട്ടതോടെ വെള്ളത്തിനൊപ്പം ഇഴജന്തുക്കളും ഒഴുകിയെത്താൻ തുടങ്ങി. കനാലിനുള്ളിൽ പാഴ് മരങ്ങളും പുല്ലുകളും വളർന്നതോടെ അറവുശാലകളിൽ നിന്നുള്ള അവശിഷ്ടങ്ങൾ ഇവിടെ നിക്ഷേപിക്കുന്നതും പതിവാണ്.
കല്ലട പദ്ധതി
കല്ലട , അച്ചൻകോവിൽ, കഴുതുരുട്ടി ആറുകളുടെ സംഗമ കേന്ദ്രത്തിൽ നിന്ന് 1961ലാണ് കല്ലട പദ്ധതിയനുസരിച്ച് കനാലുകളുടെ നിർമ്മാണം ആരംഭിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽപ്പെടുന്ന പത്തനാപുരം, അടൂർ, കൊട്ടാരക്കര, കൊല്ലം, കോഴഞ്ചേരി, മാവേലിക്കര, പുനലൂർ, കുന്നത്തൂർ, കരുനാഗപ്പള്ളി താലൂക്കുകളിലെ കാർഷിക ആവശ്യങ്ങൾക്കും കുടിവെള്ളത്തിനും ജലം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കല്ലട ജലസേചന പദ്ധതി ആരംഭിക്കുന്നത്. 13.5 കോടി രൂപയായിരുന്നു നിർമ്മാണ അടങ്കൽ തുകയെങ്കിലും അതിലും എത്രയോ ഇരട്ടി തുക പിന്നീട് ചെലവാക്കേണ്ടി വന്നു. 62000 ഹെക്ടർ സ്ഥലം കൃഷിക്ക് അനുയോജ്യമാക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. എന്നാൽ ആദ്യഘട്ടത്തിൽ തന്നെ കായംകുളം, പറവൂർ ബ്രാഞ്ച് കനാലുകൾ ഉപേക്ഷിച്ചതിനാൽ 35000 ഹെക്ടറിൽ താഴ സ്ഥലത്ത് ഭാഗികമായി മാത്രമാണ് ജലമെത്തിക്കാൻ കഴിയുന്നത്.
കനാൽ വക സ്ഥലം റോഡ് നിർമ്മാണത്തിനായി ഏറ്റെടുത്താൽ കൊല്ലം -ആലപ്പുഴ ജില്ലകളുടെ അതിർത്തി പ്രദേശങ്ങളായ പാവുമ്പ, വള്ളികുന്നം, താമരക്കുളം തുടങ്ങിയ സ്ഥലങ്ങളെ ദേശീയപാതയുമായും വള്ളിക്കാവ് വഴി കടന്നുപോകുന്ന ദേശീയ ജലപാതയുമായും ബന്ധിപ്പിക്കാൻ കഴിയും. നാടിന്റെ വികസനത്തിന്റെ ഭാഗമായുള്ള റോഡ് നിർമ്മാണ പദ്ധതിക്കായി ഈ സ്ഥലം വിട്ടുനൽകാനായി സർക്കാരിന്റെ ഇടപെടൽ സാദ്ധ്യമാക്കും.
ആർ.രാമചന്ദ്രൻ, എം.എൽ.എ
റോഡ് നിർമ്മിക്കണമെന്ന് ആവശ്യം
കനാലിനായി ഏറ്റെടുത്ത സ്ഥലം റോഡ് നിർമ്മാണത്തിനായി സർക്കാർ ഉപയോഗപ്പെടുത്തിയാൽ കിഴക്കൻ പ്രദേശങ്ങളെ ദേശീയ ജലപാതയുമായി ബന്ധിപ്പിക്കാൻ സഹായിക്കുന്ന റോഡായി ഇതിനെ മാറ്റാം. ത്രിതല പഞ്ചായത്തുകളും സർക്കാരും ഇടപെട്ട് ജലസേചന വകുപ്പിൽ നിന്ന് ഈ സ്ഥലം ഏറ്റെടുത്ത് ജനങ്ങൾക്ക് ഉപകാരപ്രദമായ റോഡ് യാഥാർത്ഥ്യമാക്കണമെന്നാണ് നാട്ടുകാരിൽ പലരുടെയും ആവശ്യം.
13 കിലോമീറ്ററോളം ദൂരത്തിൽ വെള്ളമെത്തുന്നില്ല
വള്ളികുന്നം ജലസംഭരണിയുടെ ഭാഗമായ കണിയാംമുക്ക് മുതൽ വള്ളിക്കാവ് വരെയുള്ള 13 കിലോമീറ്ററോളം ദൂരത്തിൽ വെള്ളമെത്തിയിട്ട് കാലങ്ങളായി. വേനൽക്കാലത്ത് വരൾച്ച രൂക്ഷമാകുന്ന വള്ളികുന്നം, പാവുമ്പ തുടങ്ങിയ പ്രദേശങ്ങളിൽ കിണറുകളിലെ ഉറവ വറ്റാതിരിക്കാൻ കനാൽ ജലം സഹായകരമാണെന്നത് ഒഴിച്ചാൽ മറ്റ് സ്ഥലങ്ങളിൽ യാതൊരു പ്രയോജനവുമില്ലെന്ന് പ്രദേശവാസികൾ പറയുന്നു.