hockey-stadium
കൊല്ലം ഹോക്കി സ്റ്രേഡിയത്തിൽ ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്റർ സജ്ജമാക്കുന്ന അധികൃതർ (ഫയൽ ഫോട്ടോ)​

കൊല്ലം: രോഗലക്ഷണങ്ങളില്ലാത്ത കൊവിഡ് ബാധിതരെ ചികിത്സിക്കാൻ ആശ്രാമം ഹോക്കി സ്റ്റേഡിയത്തിൽ ആരംഭിച്ച ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ 196 രോഗികളെ ഇതുവരെ പ്രവേശിപ്പിച്ചു. 250 കിടക്കകളുണ്ടെങ്കിലും ശുചിമുറികൾ കുറവായതിനാൽ ഇത്രയധികം ആളുകളെ പ്രവേശിപ്പിക്കാനാകില്ല.

ഈ മാസം 18നായിരുന്നു ഹോക്കി സ്റ്റേഡിയത്തിൽ സജ്ജമാക്കിയ നഗരത്തിലെ ആദ്യ ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററിന്റെ ഉദ്ഘാടനം. തൊട്ടടുത്ത ദിവസം 59 രോഗികളെ ഒരുമിച്ച് ഇവിടെ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് മുതൽ കൊല്ലം എസ്.എൻ കോളേജ് ജംഗ്ഷനിലെ കോളേജ് കെട്ടിടത്തതിൽ ആരംഭിച്ച ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ രോഗികളെ പ്രവേശിപ്പിച്ച് തുടങ്ങും. ഇവിടെ 250 പേർക്കുള്ള സൗകര്യമാണുള്ളത്. തൊട്ടടുത്തുള്ള മറ്റൊരു കോളേജും ട്രീറ്റ്മെന്റ് സെന്ററാക്കാനുള്ള ആലോചന തുടങ്ങിയിട്ടുണ്ട്.

 ചെലവ് താങ്ങാനാകതെ നഗരസഭ

ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററിനായി കെട്ടിടങ്ങൾ നിരവധിയുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ നഗരസഭ പെടാപ്പാട് പെടുകയാണ്. കട്ടിൽ, മെത്ത, കിടക്കവിരി, തലയിണ, കിടക്കകളെ വേർതിരിക്കുന്ന ക്യുബിക്കിളുകൾ തുടങ്ങിയവ വാങ്ങി നഗരസഭയുടെ ഖജനാവ് അതിവേഗം ചോരുകയാണ്.

ഹോക്കി സ്റ്റേഡിയത്തിൽ ട്രീറ്റ്മെന്റ് സെന്റർ സജ്ജമാക്കാൻ 22 ലക്ഷം രൂപയാണ് ചെലവായത്. കൊവിഡ് പ്രതിരോധത്തിനായി നഗരസഭ വാർഷിക പദ്ധതിയിൽ നീക്കിവച്ച തുക ഏകദേശം തീർന്നുകഴിഞ്ഞു. ഇപ്പോൾ തനത് ഫണ്ടിൽ നിന്നാണ് ചെലവഴിക്കുന്നത്.

 സഹായമെത്തിക്കാം

ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾക്ക് ആവശ്യമായ സാമഗ്രികൾ സ്വരൂപിക്കാൻ ജില്ലാ ഭരണകൂടം ടി.എം വർഗീസ് ഹാളിൽ കളക്ഷൻ സെന്റർ ആരംഭിച്ചിട്ടുണ്ട്.

 സജ്ജമാക്കും, 1000 കിടക്കകൾ

രോഗവ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഈമാസം തന്നെ നഗരത്തിൽ ആയിരം കിടക്കകൾ സജ്ജമാക്കാനാണ് നഗരസഭയുടെ തീരുമാനം.