എഴുകോൺ: പനിയും ഛർദ്ദിയുമായി ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പൊലീസിൽ പരാതി നൽകി. കരീപ്ര പ്ലാക്കോട് ലാൽ ഭവനിൽ ശരണ്യയുടെ മകൾ ശ്രീലക്ഷ്മി.എസ്.ലാലാണ് കഴിഞ്ഞ ദിവസം മരിച്ചത്. മകളുടെ മരണത്തെ പറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് കൊട്ടാരക്കര പനവേലി ബിജു ഭവനിൽ ശ്രീകുമാറാണ് എഴുകോൺ പൊലീസിൽ പരാതി നൽകിയത്. കുട്ടിയുടെ മാതാവ് ശരണ്യ കരീപ്ര പ്ലാക്കോട് ലാൽ ഭവനിൽ സജിലാലിനൊപ്പമാണ് താമസം. സജിലാലിന് കർണാടകയിലായിരുന്നു ജോലി. നാട്ടിലെത്തിയ സജിലാൽ വീട്ടിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്നു. സജിലാൽ നാട്ടിൽ വന്നത് മുതൽ ശ്രീലക്ഷിയും മാതാവ് ശരണ്യയും ഒരു വയസുള്ള സഹോദരി ശ്രീഷയും വീടിന് സമീപത്തുള്ള സജിലാലിന്റെ സഹോദരിയുടെ വീട്ടിലേക്ക് മാറിയിരുന്നു. 21 ന്‌ സജിലാലിന്റെ നിരീക്ഷണ കാലയളവ് 14 ദിവസം കഴിഞ്ഞിരുന്നുവെങ്കിലും ആരോഗ്യ പ്രവർത്തകരുടെ നിർദേശത്തെ തുടർന്ന് ശരണ്യയും മക്കളും വീട്ടിലേക്ക് പോയിരിന്നില്ല. സജിലാൽ ആവശ്യപെട്ടിട്ടും ശരണ്യയും മക്കളും തിരികെ വീട്ടിലേക്ക് മടങ്ങി വരാത്തത്തിൽ പ്രകോപിതനായ സജിലാൽ 21 ന്‌ രാത്രി വീട്ടിൽ വഴക്കിടുകയും വീട്ടുപകരണങ്ങൾ അടിച്ചു പൊട്ടിക്കുകയും സ്വയം ശരീരത്തിൽ പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് എഴുകോൺ പൊലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്. ഇതേ തുടർന്നാണ് ശ്രീകുമാർ പൊലീസിൽ പരാതി നൽകിയത്. പനിയും ഛർദിയും ഉണ്ടായതിനെ തുടർന്ന് ശ്രീലക്ഷ്മി 21ന്‌ നെടുമൺകാവ് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു. മരുന്ന് വാങ്ങി വീട്ടിലേക്ക് മടങ്ങിയ ശ്രീലക്ഷ്മിയ്ക്ക് 22ന്‌ പുലർച്ചെ മുതൽ വീണ്ടും രോഗം മൂർച്ഛിക്കുകയും തുടർന്ന് മീയണ്ണൂരിലെ സ്വകര്യ മെഡിക്കൽ കോളേജിലേക്ക് എത്തിക്കാൻ ശ്രമിച്ചെങ്കിലും യാത്രാ മദ്ധ്യേ മരണം സംഭവിക്കുകയുമായിരുന്നു. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം കഴിഞ്ഞ് ഇന്നലെ വൈകിട്ട് 7മണിയോടെ കരീപ്ര പ്ലാക്കോട് ലാൽ ഭവനിൽ സജിലാലിന്റെ വീട്ടുവളപ്പിൽ സംസ്കാരം നടന്നു. പെൺകുട്ടിയുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവാണ്.