കൊല്ലം: ഉത്രവധക്കേസിൽ ആഗസ്റ്റ് പകുതിയോടെ കുറ്റപത്രം സമർപ്പിക്കാൻ പൊലീസ് തയ്യാറാടെക്കുന്നു. 110 സാക്ഷികൾ ഉണ്ടാകുമെന്നാണ് സൂചന. ചില പരിശോധനാഫലങ്ങൾ കൂടി ലഭിക്കാനുണ്ട്. ഉത്രയുടെ ഭർത്താവും ഒന്നാം പ്രതിയുമായ സൂരജിന്റെ അമ്മ രേണുകയെയും സഹോദരി സൂര്യയെയും പലവട്ടം ചോദ്യം ചെയ്തെങ്കിലും ഗൂഢാലോചനയിൽ കണ്ണി ചേർക്കാനായിട്ടില്ല. ഇവരുടെ മൊഴികളിലെ വൈരുദ്ധ്യത്തിന് പിന്നാലെയാണ് പൊലീസ്. ചില തെളിവുകൾ നിർണായകമായതിനാൽ രേണുക പ്രതിസ്ഥാനത്തായേക്കുമെന്നാണ് സൂചന.
ഇവരെ വീണ്ടും ചോദ്യം ചെയ്തേക്കും. ചില മൊഴികളിൽ കുടുംബാംഗങ്ങൾ സമയം പറഞ്ഞ് ആവർത്തിക്കുന്നതാണ് അന്വേഷണസംഘത്തെ കുഴപ്പിക്കുന്നുത്. കേസുമായി നേരിട്ട് ബന്ധമുള്ള ഏക സാക്ഷി ചാവരുകാവ് സുരേഷ് മാത്രമാണ്.
ഗൂഢാലോചനയിൽ പങ്കില്ലെന്നാണ് സുരേഷ് ആവർത്തിക്കുന്നത്. പാമ്പിനെ നൽകിയത് പണത്തിനുവേണ്ടിയാണ്. ഇത് അന്വേഷണസംഘത്തിന് ബോദ്ധ്യപ്പെട്ടതിനാൽ ഇയാൾക്കെതിരെ ഗൂഢാലോചനാ കുറ്റം ചുമത്തില്ല.
ഇക്കാര്യം കോടതിയോട് പറയാനും 164 ചട്ടപ്രകാരം മൊഴികൊടുക്കാനും കോടതി അനുവദിച്ചിട്ടുണ്ട്. 27ന് ശേഷമായിരിക്കും മൊഴിയെടുപ്പ്. തുടർന്ന് മേൽ ഉദ്യോഗസ്ഥരുടെയും സർക്കാർ വക്കീലിന്റെയും അഭിപ്രായം തേടിയ ശേഷമായിരിക്കും ചാവരുകാവ് സുരേഷിനെ മാപ്പുസാക്ഷിയാക്കുന്നതിൽ അന്തിമ തീരുമാനമെടുക്കുന്നത്.
സാക്ഷിപ്പട്ടികയിൽ ഇവർ
1. ഉത്രയുടെ കുടുംബാംഗങ്ങളും ബന്ധുക്കളും
2. സൂരജിന്റെ ബന്ധുക്കൾ, അയൽക്കാർ, സുഹൃത്തുക്കൾ, ജോലി ചെയ്ത ധനകാര്യസ്ഥാപനത്തിലെ ജീവനക്കാർ,
ഗുളികകൾ നൽകിയ മെഡിക്കൽ ഷോപ്പുകാർ, സ്വർണം പണയം വച്ച സ്ഥാപനത്തിലുള്ളവർ.
3. ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന ബാങ്കിലെ ഉദ്യോഗസ്ഥർ.
4. സൂരജിന്റെയും സുഹൃത്തുക്കളുടെയും മൊഴികളിൽ പരാമർശിക്കപ്പെട്ടവർ. ഒളിവിൽ കഴിഞ്ഞ വീടുമായി ബന്ധമുള്ളവർ.