ശാസ്താംകോട്ട: ജീവിതത്തിലേക്ക് തിരിച്ചെത്താൻ സുമനസുകളുടെ സഹായം തേടുകയാണ് സോറിയാസിസ് രോഗം ബാധിച്ച് ദുരിതത്തിലായ യുവാവ്. മൈനാഗപ്പള്ളി കോവൂർ ശ്രീകൃഷ്‌ണവിലാസം വീട്ടിൽ വിജയ് (34) വീടിന് പുറത്തിറങ്ങിയിട്ട് രണ്ട് വർഷമാകുന്നു. വിജയുടെ ശരീരമാകെ സോറിയാസിസ് വ്രണങ്ങൾ നിറഞ്ഞിരിക്കുകയാണ്. പുറത്തിറങ്ങി നടക്കാൻ ആരോഗ്യ സ്ഥിതി ഉണ്ടായിരുന്ന സമയത്ത് സുഹൃത്തുക്കളിൽ നിന്ന് കടം വാങ്ങിയാണ് ആശുപത്രിയിൽ പോയിരുന്നത്. ഇനി നാട്ടിൽ ആരോടും കടം ചോദിക്കാനില്ലെന്ന അവസ്ഥ വന്നതോടെ വീട്ടിലെ മുറിക്കുള്ളിലേക്കൊതുങ്ങുകയായിരുന്നു.
ചികിത്സ മുടങ്ങിയതോടെ രോഗം കടുത്തു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ചികിത്സ തുടർന്നാൽ രോഗം ഭേദമായി സാധാരണ ജീവിതത്തിലേക്ക് വിജയ്ക്ക് തിരികെ വരാൻ സാധിക്കും. വിജയ്ക്ക് സോറിയാസിസ് രോഗ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയപ്പോൾ കുഞ്ഞിനെയുമെടുത്ത് ഭാര്യ ബന്ധം അവസാനിപ്പിച്ച് പോയി. അച്ഛനും അമ്മയും ഉളയ സഹോദരിയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് വിജയ്. പെയിന്റിംഗ്, ഡ്രൈവിംഗ് ജോലി ചെയ്തായിരുന്നു കുടുംബം പോറ്റിയിരുന്നത്. വിജയ്ക്ക് രോഗം ബാധിച്ചതോടെ കുടുംബമാകെ നിസഹായവസ്ഥയിലായി. ഇതിനൊപ്പം ബാങ്ക് ലോണിന്റെ തിരിച്ചടവും മുടങ്ങി. സുമനസുകളുടെ സഹായമുണ്ടെങ്കിൽ ഇദ്ദേഹത്തിന് സാധാരണ ജീവിത്തിലേക്ക് മടങ്ങി വരാനാകും. അച്ഛൻ വിജയകുമാറിന്റെ പേരിൽ ശാസ്താംകോട്ട എസ്.ബി.ഐയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ 67254647881. സി.ഐ.എഫ് നമ്പർ 77103626258, ഐ.എഫ്.എസ്.സി കോഡ് SBIN0070450. ഫോൺ : 79941 40104.