കൊല്ലം: ഒടുവിൽ അധികൃതർ ഇടപെട്ടു, പുത്തൂർ പഴയചിറ - ചെറുപൊയ്ക റോഡിലെ ചെളിക്കുണ്ട് മാറ്റി. ഏറെ നാളായി തുടരുന്ന യാത്രാ ദുരിതത്തിന് താത്കാലിക പരിഹാരമായതിന്റെ ആശ്വാസത്തിലാണ് നാട്ടുകാർ. പഴയചിറ ജംഗ്ഷനിൽ നിന്നും കാരിയ്ക്കൽ ചെറുപൊയ്ക ഭാഗങ്ങളിലേക്ക് പോകേണ്ട പ്രധാന റോഡാണ് ഏറെനാളായി ചെളിക്കുണ്ടായി മാറിയിരുന്നത്. വലിയ കുഴികൾ രൂപപ്പെട്ടതിൽ മഴവെള്ളം കെട്ടിനിന്നതോടെ അപകടങ്ങളും ഏറിവന്നു. ഞാങ്കടവ് കുടിവെള്ള പദ്ധതിയ്ക്ക് വേണ്ടി പൈപ്പിടാൻ വെട്ടിപ്പൊളിച്ചതാണ് റോഡിന്റെ ഈ ഭാഗം. പൈപ്പ് ഇട്ടാലുടൻ റീ ടാറിംഗ് നടത്താമെന്ന് അധികൃതർ ഉറപ്പ് കൊടുത്തിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല. വാഴനട്ടും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചുനോക്കിയിട്ടും ഫലമുണ്ടാകാതെ നാട്ടുകാർ തീർത്തും ബുദ്ധിമുട്ടിലായി മാറിയിരുന്നു. റോഡിന്റെ ദുരിതാവസ്ഥയും നാട്ടുകാർ അനുഭവിക്കുന്ന പ്രയാസങ്ങളും അക്കമിട്ട് നിരത്തി 21ന് 'പഴയചിറ- ചെറുപൊയ്ക റോഡിൽ ചെളിയിൽ പുതഞ്ഞ് യാത്രക്കാർ' എന്ന തലക്കെട്ടോടെ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചു. ഇതേ തുടർന്ന് പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.രാധാകൃഷ്ണൻ വിഷയത്തിൽ ഇടപെട്ടു. വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട് അടിയന്തിര പരിഹാരത്തിന് സംവിധാനമൊരുക്കി. ചെളി കോരിമാറ്റിയ ശേഷം പാറപ്പൊടിയും സിമന്റ് കട്ടയുടെ പൊടികളുമൊക്കെ ഉറപ്പിച്ചതോടെ ചെളിക്കുണ്ട് മാറി. ഇപ്പോൾ യാത്രയ്ക്ക് വലിയ ബുദ്ധിമുട്ടുകളില്ല. മഴ മാറിയാൽ ഉടൻ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ ടാറിംഗ് നടത്താനും സംവിധാനങ്ങളൊരുക്കി. ഇതിന്റെ ടെണ്ടർ നടപടികളും ആയിട്ടുണ്ട്.