വീട്ടിലെത്തുക റെഡി ടു കുക്ക് പാകത്തിൽ
കൊല്ലം: പച്ചമത്സ്യം വൈകാതെ ഓൺലൈനായി വാങ്ങാം. കൊല്ലം കരിക്കോട് പുതുതായി നിർമ്മിച്ച ഹൈടെക്ക് മാർക്കറ്റ് കേന്ദ്രമാക്കി തീരദേശ വികസന കോർപ്പറേഷനാണ് ഓൺലൈൻ മത്സ്യവില്പന ശൃംഖല ഒരുക്കുന്നത്. കൊവിഡ് ഒതുങ്ങിയാൽ ഈ ഓണത്തിന് തന്നെ മത്സ്യത്തിന് ഓർഡർ നൽകാം.
കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് അദ്യഘട്ടത്തിൽ വില്പന. തീരത്ത് നിന്ന് സംഭരിക്കുന്ന മത്സ്യം കരിക്കോടത്തെ പ്രോസസിംഗ് സ്റ്റാളിലെത്തിക്കും. ഇവിടെ വച്ച് ഓരോ മത്സ്യത്തിന്റെയും മാംസത്തിന്റെ സ്വാഭാവമനുസരിച്ച് അകർഷകമായ ആകൃതികളിൽ മുറിച്ച് പാക്കറ്റിലാക്കും. പിന്നീട് കൊല്ലം, പത്തനംതിട്ട ജില്ലകളിലെ കിയോസ്കുകളിൽ എത്തിക്കും. കിയോസ്കുകളിൽ നിന്ന് ഓൺലൈനായി ഓർഡർ ചെയ്യുന്നവരുടെ വീടുകളിലെത്തിച്ച് കൊടുക്കുന്നതിന് പുറമേ നേരിട്ടും മത്സ്യം വിൽക്കും.
ഓൺലൈൻ ബുക്കിംഗും കരിക്കോടത്തെ സംസ്കരണ കേന്ദ്രവും തീരദേശവികസന കോർപ്പറേഷൻ നേരിട്ട് നടത്തും. നടത്തിപ്പ് സ്വകാര്യ വ്യക്തികൾക്കാണെങ്കിലും കൃത്യനിഷ്ഠത നിർബന്ധമാണ്. ഏതെങ്കിലും ഒരു കിയോസ്കിലെ വീഴ്ച പദ്ധതിയെ തന്നെ കളങ്കപ്പെടുത്തുമെന്നതിനാൽ കൃത്യമായ വിലയിരുത്തലുകൾക്ക് ശേഷമേ കിയോസ്കുകൾ അനുവദിക്കൂ. ആദ്യഘട്ടത്തിൽ 20 കിയോസ്കുകൾ വഴി രണ്ട് ടൺ മത്സ്യം വിറ്റഴിക്കുകയാണ് ലക്ഷ്യം. ഘട്ടംഘട്ടമായി സ്റ്റാളുകളുടെ എണ്ണവും മത്സ്യത്തിന്റെ അളവും വർദ്ധിപ്പിക്കും. ജനങ്ങൾക്ക് ശുദ്ധമായ മത്സ്യം എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കരിക്കോട് ഹൈടെക്ക് ചന്തയിൽ സംസ്കരണ കേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി.
പ്രവാസികൾക്ക് മുൻഗണന
കൊവിഡിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട് മടങ്ങിയെത്തുന്ന പ്രവാസികൾക്ക് കിയോസ്കുകൾ അനുവദിക്കുമ്പോൾ മുൻഗണന നൽകും. കിയോസ്ക് സജ്ജമാക്കാനുള്ള ചെലവ് സ്വന്തം നിലയിൽ വഹിക്കേണ്ടി വരും.