കരുനാഗപ്പള്ളി: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തഴവ ഗ്രാമ പഞ്ചായത്ത്‌ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ തഴവ തണ്ണീർക്കര കുടുംബ ക്ഷേമ ഉപകേന്ദ്രത്തിൽ സ്വാബ് കളക്ഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു. മൈനാഗപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. ബൈജു, തഴവ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. ജാസ്മിൻ റിഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന. മെഡിക്കൽ ഓഫീസർ ഡോ. ജി. സംഗീത, ഹെൽത്ത്‌ ഇൻസ്‌പെക്ടർ പ്രദീപ് വാര്യത്ത്‌, ഇൻഫെക്ഷൻ കൺട്രോൾ സ്റ്റാഫ്‌ നഴ്സ് മുബീന, സ്റ്റാഫ്‌ നഴ്സുമാർ , ലാബ് ടെക്‌നീഷ്യൻമാർ, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത്‌ നഴ്സുമാർ, ആർ.ബി.എസ്.കെ നഴ്സുമാർ, ആശുപത്രി അറ്റൻഡർമാർ എന്നിവരുടെ ടീമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. വിദേശത്ത് നിന്നെത്തിയവർ, മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ, കൊവിഡ് പോസിറ്റീവ് രോഗിയുമായി സമ്പർക്കം പുലർത്തിയവർ, ആരോഗ്യ പ്രവർത്തകർ എന്നിവരുടെ സ്വാബാണ് ശേഖരിച്ചത്. തഴവ, മൈനാഗപ്പള്ളി, തൊടിയൂർ, ആലപ്പാട് പഞ്ചായത്തുകളിലുള്ളവരുടെ സ്രവമാണ് പരിശോധനയ്ക്ക് എടുക്കുന്നത്. 416 പേരുടെ ആർ.ടി -പി.സി.ആർ ടെസ്റ്റും 174 പേരുടെ ആന്റിജൻ ടെസ്റ്റും കഴിഞ്ഞ ദിവസം നടത്തി. ആർ.ടി - പി.സി.ആർ ടെസ്റ്റ്‌ നടത്തിയവരിൽ 5 പേർക്കും ആന്റിജൻ ടെസ്റ്റ്‌ നടത്തിയവരിൽ 14 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.

രോഗികളുമായി സമ്പർക്കം പുലർത്തിയവർ, ആട്ടോറിക്ഷാ-ടാക്സി ഡ്രൈവർമാർ, ഹോട്ടൽ, ബേക്കറി, ടീഷോപ്പ് തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, വ്യാപാരികൾ, ജനപ്രതിനിധികൾ, പൊലീസ്, ഫയർ ഫോഴ്സ്, വൈദ്യുതി വകുപ്പ്, ആരോഗ്യം, പഞ്ചായത്ത്‌, റവന്യൂ, സിവിൽ സപ്ലൈസ് തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാർ എന്നിവരുടെ സ്വാബുകൾ പരിശോധനയ്ക്കായി എടുക്കും.

മെഡിക്കൽ ഓഫീസർ ഡോ. ജി. സംഗീത

മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. ജാസ്മിൻ റിഷാദ്