വെട്ടിക്കവലയിൽ 36 പേർക്ക് കൊവിഡ്

ഒരാഴ്ചയ്ക്കുള്ളിൽ രോഗം ബാധിച്ചവരുടെ എണ്ണം 96

ബാർബറും വ്യാപാരിയുമടക്കം

കൊല്ലം: വെട്ടിക്കവലയിൽ സ്ഥിതി ഭയാനകം, ഇന്നലെ 36 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ഒരാഴ്ചയ്ക്കുള്ളിൽ ഇവിടെ രോഗം ബാധിച്ചവരുടെ എണ്ണം 96 ആയി ഉയർന്നു. സമ്പർക്കത്തിലൂടെയാണ് ഇവിടെ രോഗബാധയുണ്ടായത്. അതിനാൽ അഞ്ഞൂറിലധികം പേരുടെ സ്രവം പരിശോധന നടത്തി. ഇന്നലെ രോഗം സ്ഥിരീകരിച്ചതിൽ ബാർബറും വ്യാപാരിയുമടക്കമുണ്ട്. ഇന്നലെയും കട തുറന്ന വ്യാപാരിയ്ക്കും കൊവിഡ് സ്ഥിരീകരിച്ചത് കൂടുതൽ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. കുട്ടികൾ അടക്കമുള്ളവരിലാണ് പോസിറ്റീവ് കണ്ടെത്തിയിട്ടുള്ളത്. വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ തലച്ചിറ ഭാഗത്ത് മാത്രം ഇന്നലെ 32 പേർക്ക് രോഗം സ്ഥിരീകരിച്ചു. പച്ചൂരിൽ മൂന്നുപേർക്കും നിരപ്പിൽ ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

കൊട്ടാരക്കരയിലെ ആശങ്ക അകലുന്നു

കൊട്ടാരക്കരയിൽ 3 പേർക്ക്

48 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

സൂപ്പർ സ്പ്രെഡ് ഉണ്ടായ കൊട്ടാരക്കരയിൽ ഇന്നലെ മൂന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊട്ടാരക്കര മുസ്ളീം സ്ട്രീറ്റ് വാർഡിൽ ഒറ്റ ദിവസം 27 പേർക്ക് രോഗം സ്ഥിരീകരിച്ചത് വലിയ ആശങ്കയ്ക്ക് ഇട നൽകിയിരുന്നു. അടുത്തടുത്ത വീടുകളും എപ്പോഴും സമ്പർക്കം പുലർത്തുന്ന ജനങ്ങളുമാണ് ഇവിടെ അധികവും. മത്സ്യ വിൽപ്പനക്കാരിലൂടെയാണ് രോഗം പകർന്നത്. അതുകൊണ്ടുതന്നെ രോഗ ബാധിതരുടെ എണ്ണം വലിയ തോതിൽ കൂടുമെന്നാണ് അധികൃതർ കരുതിയിരുന്നത്. അറുനൂറിൽപ്പരം ആളുകൾ സ്രവ പരിശോധന നടത്തി. ഇന്നലെ സ്ഥിരീകരിച്ച മൂന്ന് പേരുൾപ്പടെ 48 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മുസ്ളീം സ്ട്രീറ്റിലെ ഇടവഴികൾ ഉൾപ്പടെ അടച്ചിട്ട് വലിയ ജാഗ്രത പുലർത്തിയതാണ് രോഗ വ്യാപനത്തിന് തടയിടാൻ ഒരു പരിധിവരെ കഴിഞ്ഞത്. കൊട്ടാരക്കര പട്ടണമടക്കം റെഡ് സോണിൽ പൂർണമായും അടച്ചിട്ടിരിക്കയാണ്. സമൂഹ വ്യാപനത്തിന്റെ വക്കോളമെത്തിയ ഇവിടെ ഇപ്പോൾ ആശ്വാസത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയിരിക്കയാണ്.

----

ഉമ്മന്നൂരിൽ 1 ആൾക്ക്

ഇളമാട് 2 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.