കുന്നത്തൂർ : കുട്ടികൾക്കും വയോധികയ്ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ ശൂരനാട് തെക്ക് പഞ്ചായത്തിൽ സ്ഥിതി ഗുരുതരം. ആലപ്പുഴ വൈറോളജി ലാബിൽ നടത്തിയ പരിശോധനാ ഫലം പുറത്തുവന്നതോടെ കഴിഞ്ഞ ദിവസം എട്ടു പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ശൂരനാട് തെക്ക് പഞ്ചായത്തിലെ ഏഴു പേർക്കും പോരുവഴി പഞ്ചായത്തിലെ ഒരാളും ഉൾപ്പടെ 8 പേർക്കാണ് താലൂക്കിൽ ഇന്നലെ കൊവിഡ്- 19 സ്ഥിരീകരിച്ചത് . നാല്, ആറ്, പത്ത്, പന്ത്രണ്ട് വയസുള്ള നാല് കുട്ടികൾ മുതൽ 65 വയസുള്ള വയോധിക വരെ കൊവിഡിന്റെ പിടിയിലായി. ആഞ്ഞിലിമൂട് മാർക്കറ്റിലെ മത്സ്യ വ്യാപാരിയായ പതാരം സ്വദേശിക്കാണ് പഞ്ചായത്തിൽ ആദ്യമായി രോഗം സ്ഥിരീകരിച്ചത്. ആഞ്ഞിലിമൂട് മാർക്കറ്റിൽ നിന്ന് സമ്പർക്കം വഴി നിരവധി പേർക്ക് കൊവിഡ് പിടിപെട്ടിരുന്നു. പലരുടെയും ഉറവിടം കണ്ടെത്താനാകാത്തതാണ് ആശങ്കയുണ്ടാക്കുന്നത്. ആഞ്ഞിലിമൂട് മാർക്കറ്റിൽ നിന്ന് സമ്പർക്കം വഴി രോഗം ബാധിച്ചയാളിൽ നിന്ന് പതാരം മാർക്കറ്റിലെ രണ്ട് മീൻ കച്ചവടക്കാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ഇവരുമായി അടുത്ത് സമ്പർക്കം പുലർത്തിയിരുന്ന ഇരുപതോളം കുടുംബങ്ങളെ നിരീക്ഷത്തിലാക്കി. അതിനിടെ വിദേശത്തു നിന്നുമെത്തി ഗൃഹനിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മൂന്ന് പേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പതാരം സി.എച്ച്.സി യിൽ നടത്തിയ ആന്റിജൻ ടെസ്റ്റുകളെല്ലാം നെഗറ്റീവായിരുന്നു. ടെസ്റ്റിനായി ഇരുന്നൂറിലധികം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.