axident
ദേശീയപാതയിൽ ചാത്തന്നൂർ ജെ.എസ്.എം ജംഗ്ഷനിൽ ട്രെയിലർ ലോറിയിടിച്ച് തകർന്ന പിക്ക്അപ്പ് വാൻ

 നാലുപേർക്ക് പരിക്ക്  വാൻ ഡ്രൈവർ ഗുരുതരാവസ്ഥയിൽ

ചാത്തന്നൂർ: ദേശീയപാതയിൽ ചാത്തന്നൂർ ജെ.എസ്.എം ആശുപത്രിക്ക് സമീപം ട്രെയിലർ ലോറിയും പിക്അപ്പ്‌ വാനും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു. പിക്ക്അപ്പ്‌ വാൻ ഡ്രൈവർ ഇത്തിക്കര ദിനേശ് മന്ദിരത്തിൽ ഉണ്ണിക്കൃഷ്ണന്റെ മകൻ ദിനേശിനും (28) അന്യസംസ്ഥാന തൊഴിലാളികളായ മൂന്നുപേർക്കും ആണ് പരിക്കേറ്റത്. അപകടം നടന്നയുടൻ തന്നെ പൊലീസും നാട്ടുകാരും ചേർന്ന് പരിക്കേറ്റവരെ ആശുപത്രിയിലാക്കി. പിക്ക്അപ്പ്‌ വാൻ ഡ്രൈവറുടെ നില ഗുരുതരമാണ്.

ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് അപകടം നടന്നത്. കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ട്രെയിലർ തിരുവനന്തപുരം ഭാഗത്ത് നിന്ന് വരികയായിരുന്ന പിക്ക്അപ്പ്‌ ആട്ടോയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പിക്ക്അപ്പ്‌ വാൻ പൂർണമായും തകർന്നു. ഇടിയുടെ ആഘാതത്തിൽ പിക്ക്അപ്പ് വാനിന്റെ പിന്നിൽ നിൽക്കുകയായിരുന്ന അന്യസംസ്ഥാന തൊഴിലാളികളിൽ രണ്ടുപേർ വാഹനത്തിൽ നിന്ന് തെറിച്ചുപോയി. പരിക്കുപറ്റിയവരെ പാരിപ്പള്ളി മെഡിക്കൽ കോളേജിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ദിനേശിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അപകടത്തെ തുടർന്ന് ദേശിയപാതയിൽ ഗതാഗതം സ്തംഭിച്ചു. പൊലിസ് എത്തി ഗതാഗതം നിയന്ത്രിച്ചു. പരവൂരിൽ നിന്നുള്ള ഫയർഫോഴ്സ് സംഘമെത്തി വാഹനങ്ങൾ റോഡിൽ നിന്നുമാറ്റി. ചാത്തന്നൂർ പൊലിസ് കേസെടുത്തു.