പുനലൂർ: എസ്.ബി.ഐ തെന്മല ബ്രാഞ്ചിലെ എ.ടി.എം. പ്രവർത്തന രഹിതമായത് പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ തെന്മല മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്രഞ്ച് മാനേജരെ ഉപരോധിച്ചു. കഴിഞ്ഞ 20 ദിവസമായി എ.ടി.എം പ്രവർത്തന രഹിത മായതോടെ തോട്ടം തൊഴിലാളികൾ ഉൾപ്പടെയുളള മലയോരവാസികൾ ഏറെ ബുദ്ധിമുട്ടിലായി. എ.ടി..എം പ്രവർത്തിപ്പിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും നടപടികൾ നീണ്ട് പോയതിൽ പ്രതിഷേധിച്ചാണ് ബ്രാഞ്ച് മാനേജരെ യുവാക്കൾ ഉപരോധിച്ചത്.തുടർന്ന് തെന്മല പൊലിസ് സ്ഥലത്തെത്തി മാനേജരുമായി നടത്തിയ ചർച്ചയെ തുടർന്ന് ഉടൻ എ.ടി.എം.പ്രവർത്തിപ്പിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന ഉറപ്പിൻമേൽ ഉപരോധ സമരം അവസാനിപ്പിച്ചു.ഡി.വൈ.എഫ്.ഐ നേതാക്കളായ ബിൻസ് മോൻ, മഹേഷ്സുകു, വിമൽ തോമസ് തുടങ്ങിയവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി.