murder

കൊല്ലം: ദുബായിലെ ജോലിസ്ഥലത്തെത്തി കൊല്ലം സ്വദേശിനിയായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവുശിക്ഷ. കൊല്ലം തിരുമുല്ലവാരം പുന്നത്തല അനുഗ്രഹയിൽ ചന്ദ്രശേഖരൻ നായരുടെ മകൾ സി. വിദ്യാ ചന്ദ്രനെ (40) കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവ് തിരുവനന്തപുരം നേമം സ്വദേശി യുഗേഷിനെ (43) ദുബായ് കോടതി ശിക്ഷിച്ചത്. 25 വർഷത്തെ ജീവപര്യന്തം തടവിനുശേഷം നാടുകടത്തും. സന്ദർശക വിസയിലെത്തിയായിരുന്നു പ്രതി കൊലപാതകം നടത്തിയത്.

2019 സെപ്തംബർ 9 നാണ് കേസിനാസ്പദമായ സംഭവം. വിദ്യയും യുഗേഷും ഏറെക്കാലമായി പിണക്കത്തിലായിരുന്നു. ഇതിനിടയിൽ വിദ്യ ജോലിചെയ്യുന്ന അൽ ഖൂസിലെ ഓഫീസിലെത്തിയായിരുന്നു കൊലപാതകം. മാനേജരുടെ മുന്നിൽവച്ച് യുഗേഷ് വിദ്യയെ ആലിംഗനം ചെയ്തതിന്റെ പേരിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. വസ്ത്രത്തിലൊളിപ്പിച്ച കത്തിയെടുത്തായിരുന്നു കുത്തിയത്. മൂന്നുപ്രാവശ്യം കുത്തേറ്റ വിദ്യ സംഭവസ്ഥലത്തുതന്നെ മരിച്ചു. ശേഷം കടന്നുകളഞ്ഞ പ്രതിയെ നിമിഷങ്ങൾക്കകം ജെബൽഅലിയിൽ നിന്ന് പൊലീസ് പിടികൂടി. വിദ്യയുടെ കമ്പനി ഉടമ തമിഴ്‌നാട് സ്വദേശി ശുഭരാജാണ് കേസിൽ ഒന്നാംസാക്ഷി.

പ്ലസ്ടു വിജയിച്ച മൂത്തമകളും രണ്ടാംക്ലാസ് വിദ്യാർത്ഥിനിയായ ഇളയമകളും വിദ്യയുടെ അമ്മ ചന്ദ്രികയ്ക്കും അച്ഛൻ ചന്ദ്രശേഖരൻ നായർക്കുമൊപ്പമാണ് താമസിക്കുന്നത്.