ശാസ്താംകോട്ടയിലെ ചന്തക്കുരങ്ങുകൾക്ക് ഭക്ഷണമില്ല
കൊല്ലം: മുഖ്യമന്ത്രി ഇടപെട്ടിട്ടും ശാസ്‌താംകോട്ടയിലെ ചന്തക്കുരങ്ങുകളുടെ വിശപ്പ് അടങ്ങുന്നില്ല. തടാക തീരത്തെ കുന്നുകളിലും നഗരത്തിലുമായി ഇരുന്നൂറിനടുത്ത് വാനരന്മാർ തലവനായ 'കൊച്ചുസായിപ്പി'നൊപ്പമാണ് പരക്കം പായുന്നത്.
ശാസ്താംകോട്ട ആഴ്ചകളായി കണ്ടെയ്ൻമെന്റ് സോണാണ്. ചന്തയും വ്യാപാരശാലകളും ഇല്ലാത്തതിനാൽ ഭക്ഷണം നിലച്ച വാനരന്മാർ വീടുകളിലേക്ക് കയറിത്തുടങ്ങി.
കുരങ്ങുകൾ പട്ടിണിയിലാകരുതെന്ന മുഖ്യമന്ത്രിയുടെ നിർദേശമേറ്റെടുത്ത ഡി.വൈ.എഫ്.ഐ ഉൾപ്പെടെയുള്ള സംഘടനകൾ പതിവായി ഭക്ഷണമെത്തിച്ചിരുന്നു. പ്രദേശം വീണ്ടും കണ്ടെയ്ൻമെന്റ് സോണായതോടെയാണ് ഭക്ഷണം നിലച്ചത്.
ചന്തക്കുരങ്ങുകളുടെ ആക്രമണം പരിധിവിട്ടപ്പോൾ 20 വർഷം മുമ്പ് കോടതി ഇടപെടലിനെ തുടർന്ന് ഡൽഹിയിൽ നിന്ന് വാതാവരൺ സംഘമെത്തി ഇവയെ പിടികൂടി കാട്ടിൽ തുറന്നുവിട്ടിരുന്നു. വീണ്ടും ഇതേ ആവശ്യമുണ്ടെങ്കിലും സർക്കാർ തലത്തിൽ ധാരണയായിട്ടില്ല. ബോണറ്റ് മക്കാക്ക ഇനത്തിലുള്ള കുരങ്ങുകളാണ് ശാസ്താംകോട്ടയിലേത്.
അമ്പലക്കുരങ്ങും ചന്തക്കുരങ്ങും
വാനരന്മാർ ശാസ്‌താംകോട്ട ധർമ്മശാസ്‌താ ക്ഷേത്രത്തിലെ ദേവന്റെ കാവലാളാണെന്നാണ് വിശ്വാസം. വിശപ്പടക്കാൻ ക്ഷേത്രത്തിലെ പടച്ചോറും പഴങ്ങളും പോരെന്ന് കരുതിയവർ ചന്തയിലെത്തി ഭക്ഷണം കഴിച്ചു. പിന്നീട് മടങ്ങിയെത്തിയവരെ അമ്പലത്തിനുള്ളിലേക്ക് മറ്റ് കുരങ്ങൻമാർ കയറ്റിയില്ല. അമ്പലക്കുരങ്ങുകൾക്കിടയിലെ ചേരിപ്പോരിൽ തോറ്റ് പോയവരും പിന്നീട് ചന്തക്കുരങ്ങുകൾക്കൊപ്പം ചേർന്നു. ദിവസങ്ങൾ നീളുന്ന തമ്മിൽതല്ലും പതിവാണ്. 'പുഷ്‌കരനാ'ണ് അമ്പലക്കുരങ്ങുകളുടെ തലവൻ.
അമ്പലക്കുരങ്ങിന് ഭക്ഷണം, ഭോജനശാല
ക്ഷേത്ര ചുറ്റുപാടുകളിൽ നിന്ന് മാറാത്ത കുരങ്ങുകൾക്ക് ഭക്ഷണം നൽകാൻ അഞ്ചുലക്ഷം രൂപ ബാങ്കിൽ സ്ഥിരനിക്ഷേപമുണ്ട്. പ്രദേശവാസിയായ കന്നിമേലഴികത്ത് ബാലചന്ദ്രനും തിരുവിതാകൂർ ദേവസ്വം ബോർഡും രണ്ടര ലക്ഷം രൂപ വീതം നൽകി. ഇതിന്റെ പലിശ ഉപയോഗിച്ചാണ് നൂറിൽ താഴെയുള്ള അമ്പലക്കുരങ്ങുകൾക്ക് ഭക്ഷണം തയ്യാറാക്കുന്നത്. വാനര ഭോജനശാലയും ക്ഷേത്രത്തിനുള്ളിൽ നിർമ്മിച്ചിട്ടുണ്ട്. ഓണക്കാലത്ത് വിഭവ സമൃദ്ധമായ ഉത്രാട, തിരുവോണ സദ്യയുമുണ്ടാകും. ചന്തക്കുരങ്ങുകൾ വാനരഭോജനശാലയിലെത്തി ഭക്ഷണം കഴിക്കാൻ അമ്പലക്കുരങ്ങുകൾ അനുവദിക്കാറില്ല.
''
ചന്തക്കുരങ്ങുകളിൽ കുറെ പേരെ പിടികൂടി കാട്ടിൽ വിടണം. അല്ലെങ്കിൽ ഭക്ഷണം ഉറപ്പാക്കണം.
എസ്. ദിലീപ് കുമാർ,
ശാസ്താംകോട്ട പഞ്ചായത്തംഗം