ayur

 ആയുർവേദ ആശുപത്രികൾ പ്രതിസന്ധിയിൽ

കൊല്ലം: കൊവിഡ് ഭയന്ന് ചികിത്സയ്ക്ക് ആരും വരാതായതോടെ ആയുർവേദ ആശുപത്രികളുടെ പ്രവർത്തനവും കർക്കടക ചികിത്സയും കിടപ്പിലായി. ഒ.പിയിലുൾപ്പെടെ രോഗികളുടെ വരവ് കുറഞ്ഞത് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

നിയന്ത്രണങ്ങളും സാമ്പത്തിക പ്രതിസന്ധിയുമാണ് കർക്കടക ചികിത്സയ്ക്ക് പതിവുകാരെയുൾപ്പെടെ പിന്നോട്ടടിച്ചത്. രോഗാവസ്ഥയും സാമ്പത്തിക സ്ഥിതിയും അനുസരിച്ച് ഒരുമാസം വരെ നീളുന്ന വിവിധ പാക്കേജുകളായാണ് ക‌ർക്കടക ചികിത്സ നടത്തിവരുന്നത്. മാർച്ചിൽ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് മുതൽ സംസ്ഥാനത്ത് ഒ.പി മാത്രമായി പ്രവർത്തിച്ചിരുന്ന മിക്ക ആയുർവേദ ക്ളിനിക്കുകളും പൂട്ടി. ഗതാഗതമേഖല നിശ്ചലമായതോടെ കിടത്തി ചികിത്സാ സൗകര്യമുള്ള ആശുപത്രികളിലെ പതിവുകാരായിരുന്ന വിദേശികളും വടക്കേഇന്ത്യക്കാരും വന്നില്ല.

ആയുർവേദ റിസോർട്ടുകളുടെ കാര്യവും വ്യത്യസ്തമല്ല. മുൻവർഷങ്ങളിലെ നഷ്ടത്തിൽ നിന്ന് കുറച്ചെങ്കിലും കരകയറാമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് കൊവിഡ് ഇടിത്തീയായത്. ജീവനക്കാരുടെ ശമ്പളവും ആശുപത്രി നടത്തിപ്പ് ചെലവുകളും താങ്ങാനാകാതെ ചെറുകിട ആശുപത്രികൾക്ക് താഴ് വീണു. ഇതോടെ ആയിരക്കണക്കിന് ജീവനക്കാരും കുടുംബാംഗങ്ങളും പട്ടിണിയിലായി.

കർക്കടക കഞ്ഞിക്കും കഷ്ടകാലം

രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും രോഗശമനത്തിനും ഉത്തമമായ കർക്കടക കഞ്ഞിക്കിറ്റിന്റെ വിപണനവും ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ലോക്കായി. രാമച്ചം, ശതാവരി, ഓരില, മൂവില തുടങ്ങി 21 ഇനം പച്ചമരുന്നുകളും ജാതിക്ക, ജീരകം, വിഴാലരി തുടങ്ങി 13 ഇനം പൊടിമരുന്നുകളും തവിട് കളയാത്ത ഞവര അരിയും അശാളിയും ഉലുവയും ചേ‌ർത്ത് പ്രത്യേകം പായ്ക്ക് ചെയ്ത ഔഷധ കഞ്ഞിക്കിറ്റ് ഒരാൾക്ക് ഏഴ് ദിവസം കഴിക്കാവുന്ന വിധത്തിലാണ് തയ്യാറാക്കുന്നത്. 120 മുതൽ 150വരെയാണ് വില. എന്നാൽ ഇത്തവണ ആയുർവേദ ആശുപത്രികളുടെ പ്രവർത്തനം സ്തംഭിച്ചത് ഔഷധ കഞ്ഞിക്കിറ്റുകളുടെ വിൽപ്പനയെയും ബാധിച്ചതായി ആയുർവേദ മരുന്ന് വ്യാപാരിയായ രാജേന്ദ്രൻ പറയുന്നു.

ആയുർവേദ ഡോക്ടർമാർ: 18,000

സർക്കാർ സർവീസിലുള്ളവർ: 2,000

''

കൊച്ചിയിലും മലബാറിലും കൊല്ലത്തുമുൾപ്പെടെ നാല് ആയുർവേദ ആശുപത്രികളുണ്ട്. രോഗികൾ എത്താത്തതിനാൽ പ്രവർത്തനം പ്രതിസന്ധിയിലാണ്. കർക്കടകം കൊവിഡ് കവർന്നതോടെ ആയുർവേദ ആശുപത്രികൾക്കും സംസ്ഥാനത്തിനും വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കിയത്.

ഡോ. ഷെഫി താഷ്‌കന്റ്, എം.ഡി

പ്രകൃതി ആയുർവേദ ആശുപത്രി ഗ്രൂപ്പ്