100

കൊല്ലം: ജില്ലയിൽ തുടർച്ചയായ മൂന്നാം ദിനവും നൂറിലേറെപ്പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ചയാണ് ജില്ലയിൽ ആദ്യമായി കൊവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം നൂറ് കടന്നത്. ഇന്നലെ രോഗം സ്ഥിരീകരിച്ച 133 പേരിൽ 119 പേർക്കും സമ്പർക്കത്തിലൂടെയാണ് ബാധിച്ചത്.

സമ്പർക്കത്തിന്റെ ചങ്ങല മുറിക്കാനാകാത്തതാണ് ജില്ലയിൽ രോഗവ്യാപനം ദിനംപ്രതി വർദ്ധിക്കാൻ കാരണം. നേരത്തെ രോഗിയിൽ നിന്നുള്ള വ്യാപനതോത് ജില്ലയിൽ കുറവായിരുന്നു. പക്ഷെ ഇപ്പോൾ കുത്തനെ ഉയർന്നു. രോഗിയുടെ സമ്പർക്കപട്ടികയിൽ ഉള്ളവരെ നിരീക്ഷണത്തിലാക്കുന്നതിന് മുൻപ് തന്നെ അവരിൽ നിന്ന് പലരിലേക്കും പടരുകയാണ്.

ഒരു പഞ്ചായത്ത് കണ്ടെയ്ൻമെന്റ് സോണാക്കുന്നതിന് മുൻപ് തന്നെ തൊട്ടടുത്തുള്ള സ്ഥലങ്ങളിലേക്ക് രോഗമെത്തുന്നു. കൊവിഡ് പ്രതിരോധത്തിനുള്ള സാമൂഹിക അകലം അടക്കമുള്ള പ്രാഥമിക ജാഗ്രത അവഗണിക്കുന്നതാണ് സ്ഥിതി ഇത്രയധികം രൂക്ഷമാകാൻ കാരണം.

ജില്ലയിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷമുള്ള ആദ്യദിനങ്ങളിൽ പ്രതിദിനം ശരാശരി 25 സ്രവ പരിശോധനകളാണ് നടത്തിയിരുന്നത്. പിന്നീട് ക്രമേണ ഉയർന്നു. രോഗബാധിതരുടെ എണ്ണം കുത്തനെ പെരുകിയതോടെ ഇപ്പോൾ പ്രതിദിനം ശരാശരി 750 ഓളം സാമ്പിളുകൾ ശേഖരിക്കുന്നുണ്ട്. ഈയാഴ്ചയിൽ തന്നെ 1200 ഓളം സാമ്പിളുകൾ ശേഖരിച്ച ദിവസവുമുണ്ടായിരുന്നു. പരിശോധന വർദ്ധിക്കുന്നതനുസരിച്ച് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണവും കൂടുകയാണ്.

ആശങ്കയായി മരിച്ച ശേഷമുള്ള

കൊവിഡ് സ്ഥിരീകരണം

ജില്ലയിൽ ഇതുവരെ ആറുപേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതിൽ നാലുപേർക്കും പോസ്റ്റ്മോർട്ടത്തിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവർക്കാർക്കും കൊവിഡിന്റേതെന്ന് പറയുന്ന രോഗലക്ഷണങ്ങളൊന്നുമില്ലായിരുന്നു.

കൊവിഡ് പോസിറ്റീവ്

24ന്: 133

23ന്: 106

22ന്: 133

ആകെ സ്ഥിരീകരിച്ചത്: 1,314

അന്യദേശത്ത് നിന്ന് വന്നത്: 536

സമ്പർക്കത്തിലൂടെ: 773

നിലവിൽ ചികിത്സയിലുള്ളവർ: 793

ഈമാസം 940 പേർക്ക്

ജില്ലയിൽ ഇതുവരെ 1,314 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 940 പേരും ഈമാസമാണ് രോഗബാധിതരായത്. മാർച്ച് 23നാണ് ജില്ലയിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്.