photo
കുളക്കട സ്മാർട്ട് വില്ലേജ് ഓഫീസിന് പി.ഐഷാപോറ്റി എം.എൽ.എ ശിലാസ്ഥാപനം നടത്തുന്നു

കൊല്ലം: കുളക്കട വില്ലേജ് ഓഫീസിന്റെ ദുരിതാവസ്ഥ നീങ്ങുന്നു, സ്മാർട്ട് വില്ലേജ് ഓഫീസിനുള്ള കെട്ടിട നിർമ്മാണത്തിന് ശിലപാകി. സംസ്ഥാന സർക്കാർ അനുവദിച്ച 44 ലക്ഷം രൂപ ഉപയോഗിച്ചാണ് സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മിക്കുക. ഇത്രകാലവും പൊളിഞ്ഞുവീഴാറായ കെട്ടിടത്തിൽ പരാധീനതകൾക്ക് നടുവിലായിരുന്നു വില്ലേജ് ഓഫീസ് പ്രവർത്തിച്ചുവന്നത്. മഴയെത്തുമ്പോൾ ജീവനക്കാരും വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവരും ഭീതിയോടെ സമയം തള്ളിനീക്കേണ്ട ഗതികേടും ഉണ്ടായിരുന്നു. ഫയലുകൾ സൂക്ഷിക്കാൻ സുരക്ഷിത സൗകര്യങ്ങളും ഉണ്ടായിരുന്നില്ല. ഉദ്യോഗസ്ഥർ തട്ടിക്കൂട്ട് സംവിധാനത്തിലിരുന്നാണ് ജോലി ചെയ്തിരുന്നത്. ആളുകൾക്ക് വിശ്രമിക്കാനുള്ള സൗകര്യവും ഉണ്ടായിരുന്നില്ല. ഈ പോരായ്മകളൊക്കെ ഇനി മാറുകയാണ്. മനോഹരമായ ഓഫീസ് കെട്ടിടവും ഹൈടെക് സംവിധാനങ്ങളും എത്തുന്നതിന്റെ പ്രതീക്ഷയിലാണ് നാട്ടുകാരും.

അടിമുടി സ്മാർട്ടാകും

വില്ലേജ് ഓഫീസിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യമാണ് സ്മാർട്ട് വില്ലേജ് ഓഫീസ് പദ്ധതിയിലൂടെ സാക്ഷാത്കരിക്കുക. സർട്ടിഫിക്കറ്റ് അടക്കമുള്ള ആവശ്യങ്ങൾക്ക് ഓഫീസിലേക്ക് ആരും വരേണ്ടതില്ല, എല്ലാം ഓൺലൈൻ സംവിധാനത്തിലാണ്. എന്നിരുന്നാലും വില്ലേജ് ഓഫീസിൽ എത്തേണ്ടി വന്നാൽ വിശ്രമിക്കാനുള്ള മുറിയും ഇരിപ്പിടങ്ങളും മറ്റ് സൗകര്യങ്ങളുമുണ്ടാകും. പൂർണമായും കമ്പ്യൂട്ടർ വൽകൃത ഓഫീസ്, വില്ലേജ് ഓഫീസർക്ക് പ്രത്യേക കാബിൻ, ഉദ്യോഗസ്ഥർക്ക് പ്രത്യേക മുറികൾ, ഫയലുകൾ സൂക്ഷിക്കാൻ പ്രത്യേക സംവിധാനം, ശുചിമുറികൾ, കുടിവെള്ളത്തിന് സംവിധാനം എന്നിവ സജ്ജമാക്കും. സംസ്ഥാന ഭവന നിർമ്മാണ ബോർഡിനാണ് നിർമ്മാണ ചുമതല. ആറ് മാസമാണ് കരാർ കാലാവധി.

എം.എൽ.എ ശിലപാകി

സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന് പി.ഐഷാപോറ്റി എം.എൽ.എ ശിലാസ്ഥാപനം നടത്തി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ലഘുവായ ചടങ്ങാണ് സംഘടിപ്പിച്ചത്. കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.സരസ്വതി, വൈസ് പ്രസിഡന്റ് ആർ.രാജേഷ്, ജില്ലാ പഞ്ചായത്തംഗം ആർ.രശ്മി, വാർഡ് മെമ്പർ ലീലാവതി അമ്മ, കൊട്ടാരക്കര തഹസീൽദാർ നിർമ്മൽകുമാർ, വില്ലേജ് ഓഫീസർ കെ.എസ്.ബാബുരാജൻ എന്നിവർ പങ്കെടുത്തു.

എല്ലാ വില്ലേജുകളും സ്മാർട്ടാക്കും : പി.ഐഷാപോറ്റി എം.എൽ.എ കൊട്ടാരക്കര നിയോജക മണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകളും സ്മാർട്ടാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കൊട്ടാരക്കര, വെളിയം വില്ലേജ് ഓഫീസുകൾ സ്മാർട്ട് വില്ലേജ് ഓഫീസുകൾ ആക്കി മാറ്റുന്നതിന്റെ നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണ്. മൈലം, കലയപുരം വില്ലേജ് ഓഫീസുകൾക്കായി തുക അനുവദിച്ചത് ഭരണാനുമതി ലഭിച്ചു. തുടർ നടപടികൾ പുരോഗമിക്കുന്നു. ഓടനാവട്ടം വില്ലേജ് ഓഫീസിന് പുതിയ കെട്ടിടമൊരുക്കി പ്രവർത്തനം തുടങ്ങി. കുളക്കട വില്ലേജ് ഓഫീസിന്റെ കെട്ടിട നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കും.